ടി20: തിരുമ്പി വന്തിട്ടേന്ന് സൊല്ല് …, ന്യൂസിലന്‍ഡിനെ 7 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; രോഹിത് ബാറ്റിംഗിലെ ഹീറോ

ആദ്യ ടി20 യില്‍ തങ്ങളെ നാണം കെടുത്തിയ ന്യൂസിലന്‍ഡിനെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന് തകര്‍ത്ത ഇന്ത്യ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഒപ്പമെത്തി. ഇതോടെ ഹാമില്‍ട്ടണില്‍ ഈ മാസം പത്തിന് നടക്കാനിരിക്കുന്ന മൂന്നാം മത്സരം ഫൈനലായി മാറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 158 റണ്‍സ് നേടിയപ്പോള്‍ 7 പന്തുകള്‍ നില്‍ക്കേ, വെറും 3 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. 29 പന്തില്‍ 50 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിലെ ഹീറോ. സ്‌കോര്‍ : ന്യൂസിലന്‍ഡ് 158/8 (20 ഓവര്‍), ഇന്ത്യ 162/3 (18.5 ഓവര്‍)

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മയും ശിഖാര്‍ ധവാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനം പുറത്തെടുത്ത രോഹിത്, 29 പന്തില്‍ 50 റണ്‍സടിച്ചു. 3 ബൗണ്ടറികളും 4 സിക്‌സറുകളുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. ധവാന്‍ 31 റണ്‍സ് നേടി. ഇരുവരും തമ്മിലുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 9.2 ഓവറില്‍ 79 റണ്‍സ് നേടിയപ്പോളേക്കും മത്സരം തീരുമാനമായിരുന്നു. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഋഷഭ് പന്തും (40*) തിളങ്ങിയതോടെ 7 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ്, 50 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിന്റേയും, 42 റണ്‍സടിച്ച റോസ് ടെയ്‌ലറിന്റേയും ബാറ്റിംഗ് മികവിലാണ് നിശ്ചിത 20 ഓവറില്‍ 158/8 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഒരു ഘട്ടത്തില്‍ 50/4 എന്ന നിലയില്‍ തകര്‍ന്നതിന് ശേഷമായിരുന്നു ഗ്രാന്‍ഡ് ഹോം ടെയ്‌ലര്‍ കൂട്ടുകെട്ടില്‍ കിവീസ് പിടിച്ചുകയറിയത്. ഇന്ത്യയ്ക്ക് വേണ്ടി ക്രുനാല്‍ പാണ്ട്യ മൂന്ന് വിക്കറ്റുകളും, ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts