സ്വപ്നയുടേത് വ്യാജ ബിരുദം; സര്‍വകലാശാല വ്യാജമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല ഇക്കാര്യം സ്ഥിരീകരിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല.
എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെയെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി. കേരളത്തിലേക്ക് വരുന്ന സ്വര്‍ണം രാജ്യവിരുദ്ധ നീക്കങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇതിനു പിന്നില്‍ ഐഎസ് ബന്ധമുള്ളവരാണെന്നും എന്‍ഐഎ സംശയിക്കുന്നു.
അതേസമയം, കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കും. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തുക. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം.സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്തതായി എന്‍ഐഎ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related posts