മടങ്ങി വരവിനൊരുങ്ങി മാഗി, സുപ്രീം കോടതി കേസ് റദ്ദാക്കി

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിനെ സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നെസ്ലെ ഇന്ത്യ സ്വാഗതം ചെയ്തു. ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ (എന്‍സിഡിആര്‍സി) രണ്ട് ഇടക്കാല ഉത്തരവുകള്‍ നെസ്ലെ ഇന്ത്യ 2015ല്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സാമ്പിളുകള്‍ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി(സിഎഫ്ടിആര്‍ഐ)ലേക്ക് അയച്ചതിനെത്തുടര്‍ന്ന് ലഭിച്ച വിശകലന ഫലങ്ങളില്‍ നിന്നും, പ്രസ്തുത സാമ്പിളുകളില്‍ ഈയവും മറ്റ് അനുബന്ധ ഘടകങ്ങളും അനുവദീനമായ അളവുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. കൂടാതെ, സിഎഫ്ടിആര്‍ഐയില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്‍സിഡിആര്‍സിക്കു മുമ്പാകെയുള്ള ഈ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു.

വിശ്വാസയോഗ്യമായ ഉത്പന്നങ്ങളാണ് തങ്ങളുടേതെന്നു ചൂണ്ടിക്കാട്ടിയുള്ള പരസ്യങ്ങള്‍ ഇറക്കാനൊരുങ്ങുകയാണ് നെസ്ലെ. ഇന്നലെ മുതല്‍ ഈ കാന്പയിന്‍ തുടങ്ങുകയും ചെയ്തു. മാഗി നൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഈയം ഉണ്ടെന്നും രുചി കൂട്ടുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡാര്‍ഡ്‌സ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ 2015ലാണ് മാഗി നൂഡില്‍സ് നിരോധിച്ചത്. ഇത് നെസ്ലെ ഇന്ത്യക്ക് 450 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. 30,000 ടണ്‍ ഉത്പന്നം നശിപ്പിക്കേണ്ടിവന്നു.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

share this post on...

Related posts