ഒടുവില്‍ മറനീക്കി പുറത്തു വന്നു; ഇത്രയും നാള്‍ ശാസ്ത്ര ലോകത്തെ കബളിപ്പിച്ച കൂറ്റന്‍ മത്സ്യം സണ്‍ ഫിഷിനെ അറിയാം

sun fish

കടലിനടിയില്‍ മറഞ്ഞിരുന്ന അപൂര്‍വ മത്സ്യമായ സണ്‍ഫിഷിനെ കണ്ടെത്തി. നീണ്ട നാലു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെ മര്‍ഡോക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ അപൂര്‍വ മത്സ്യത്തെ കണ്ടെത്തിയത്.ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. വലിയ സണ്‍ഫിഷുകള്‍ക്ക് 14 അടിവരെ നീളവും 10 അടി വീതിയും 2 ടണ്‍ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.

കാലങ്ങളായി ശാസ്ത്രലോകത്തില്‌റെ കണ്ണില്‍ പെടാതെ മറഞ്ഞിരിക്കുകയായിരുന്നു ഹുഡ്വിങ്കര്‍ സണ്‍ഫിഷ് അഥവാ മോലാ ടെക്റ്റാ എന്നു പേരിട്ടിരിക്കുന്ന ഈ മത്സ്യം. എല്ലാവര്‍ഷവും നൂറുകണക്കിനു പുതിയ ജീവജാലങ്ങളെ കണ്ടെത്താറുണ്ട്. എന്നാല്‍ 130 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്ര വലിയൊരു ജീവിയെ കണ്ടെത്തുന്നത്. മര്‍ഡോക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മരിയന്‍ നൈഗാര്‍ഡാണ് സണ്‍ഫിഷുകളിലെ നാലാമത്തെ വിഭാഗമായ ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെ കണ്ടെത്തിയത്. ഇന്തോനേഷ്യയിലെ ബാലിയില്‍ കാണപ്പെടാറുള്ള സണ്‍ഫിഷിനെക്കുറിച്ചു ഗവേഷണം നടത്താനെത്തിയ മരിയന്‍ പുതിയൊരു ജീവിവിഭാഗത്തെ തന്നെ കണ്ടെത്തുകയായിരുന്നു.

150തോളം സണ്‍ഫിഷുകളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കിയിരുന്നു. അതിലൊരെണ്ണം നിലവിലുള്ളവയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണമാണ് പുതിയ വിഭാഗം സണ്‍ഫിഷിനെ കണ്ടെത്താന്‍ ഗവേഷക സംഘത്തെ സഹായിച്ചത്. ലോകത്തിന്റെ പല ഭാഗത്തുള്ള മത്സ്യഗവേഷക സംഘത്തോടും മരിയന്‍ ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

ഒടുവിലാണ് ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് തീരത്ത് നാലു സണ്‍ഫിഷുകള്‍ ചത്തു തീരത്തടിഞ്ഞിട്ടുണ്ടെന്ന വിവിരം ലഭിച്ചത്. അവിടെയെത്തിയപ്പോഴാണ് ഇത്രയും കാലം ശാസ്ത്രലോകത്തെ കബളിപ്പിച്ച് മറഞ്ഞിരുന്ന ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ മത്സ്യങ്ങളെ കൂടുതല്‍ പഠനത്തിനു വിധേയമാക്കി. വലിപ്പമുണ്ടെങ്കിലും അവയുടെ മെലിഞ്ഞ ശരീരഘടന പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാന്‍ സഹായിക്കുന്നവയാണ്.ഈ പ്രത്യേകത തന്നെയാണ് ഇവയെ ഇത്രയും കാലം ശാസ്ത്രലോകത്തിന്റെ കണ്ണില്‍ പെടാതെ കഴിയാന്‍ സഹായിച്ചതും.

share this post on...

Related posts