‘ഇതൊക്കെയാണ് ജീവിതം കളറാക്കുന്നത്: ലില്ലിക്കുട്ടിയുടെ യാത്രകളിലൂടെ

സ്റ്റെഫി ലിയോണിനേക്കാള്‍ ലില്ലിക്കുട്ടി എന്നു പറഞ്ഞാലാണ് മലയാളി പ്രേക്ഷകര്‍ക്ക് ഈ സുന്ദരിയെ മനസ്സിലാവുക. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ മികച്ച അഭിനയമാണ് ഈ ചുരുണ്ടമുടിക്കാരിയെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയാക്കിയത്. വാക്ചാതുര്യത്തിലും അഭിനയത്തിലും മികവ് തെളിയിച്ച ഈ കലാകാരി നല്ലൊരു നര്‍ത്തകിയും അവതാരകയുമാണ്. ബിഗ് സ്‌ക്രീനിലൂടെ വന്ന് മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സ്റ്റെഫി ലിയോണിന്റെ യാത്രാ വിശേഷങ്ങളറിയാം.
തിരക്കുകള്‍ കഴിഞ്ഞാല്‍ സ്റ്റെഫിക്ക് ഭര്‍ത്താവ് ലിയോണിനൊപ്പം യാത്രകള്‍ പോകാനാണ് ഇഷ്ടം. സ്റ്റെഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘വിശാലമായി കിടക്കുന്ന പ്രകൃതിയുടെ ഏതെങ്കിലും ഒരിടത്ത് ഞങ്ങളുടെ മാത്രം ലോകത്തിലേക്കു സഞ്ചരിക്കണം’. ഒഴിവുസമയം യാത്രകള്‍ പോകാനായി സ്റ്റെഫിയും ലിയോണും റെഡിയാണ്. എങ്കിലും പ്ലാനിങ് യാത്രകളൊന്നും നടക്കാറില്ലെന്ന് താരം പറയുന്നു. രണ്ടാളും ജോലിത്തിരക്കുകളില്‍ നിന്നു മാറി രണ്ടുമൂന്നു ദിവസം കിട്ടിയാല്‍ വേളാങ്കണ്ണി യാത്രയും മൂകാംബിക യാത്രയുമൊക്കെ പ്ലാന്‍ ചെയ്യാറുണ്ട്. അല്ലാതെയുള്ള യാത്രകളൊക്കെയും പെട്ടെന്നുള്ളതാണ്. എങ്കിലും ലിയോചേട്ടനൊപ്പം എവിടെപോയാലും ഹാപ്പിയാണെന്നു പറയുന്ന സ്റ്റെഫി യാത്രകളെപ്പറ്റി സംസാരിക്കുന്നു.
ഞങ്ങളുടെ യാത്ര കഴിഞ്ഞാല്‍ പിന്നെ ഫാമിലി ട്രിപ്പാണ് എനിക്കിഷ്ടം. എന്റെയും ലിയോച്ചേട്ടന്റെയും അച്ഛനും അമ്മയുമൊക്കെയുള്ള അടിപൊളി യാത്ര, അടുത്ത സുഹൃത്തുക്കളൊടൊപ്പമുള്ള യാത്ര ഇതൊക്കെയാണ് ഞങ്ങളുടെ ജീവിതം കളറാക്കുന്നത്.
വിദേശയാത്രയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് മലേഷ്യ, തായ്‌ലന്‍ഡ്, ശ്രീലങ്ക, ദുബായ്ട്രിപ്പുകളാണ്. സുഖവാസത്തിനും വിനോദത്തിനുമായി പോകാവുന്ന നാടാണ് മലേഷ്യ. ആകര്‍ഷിക്കുന്നതും ആശ്ചര്യം ജനിപ്പിക്കുന്നതും അദ്ഭുതപ്പെടുത്തുന്നതുമായ നിരവധി കാഴ്ചകള്‍ അവിടെയുണ്ട്.
സൂക്ഷിച്ചു പണം ചെലവാക്കിയാല്‍ കീശ കാലിയാകാതെ കണ്ടുവരാം. പെട്രോണാസ് ടവറിന്റെ രാത്രികാഴ്ച അതിഗംഭീരമായിരുന്നു. മലേഷ്യയില്‍ എന്നെ ആകര്‍ഷിച്ചത് ഷോപ്പിങ് മാളുകളായിരുന്നു. തലസ്ഥാന നഗരിയായ ക്വാലലംപൂരില്‍ ഒതുങ്ങുന്നില്ല അന്നാട്ടിലെ കാഴ്ചകള്‍. മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ് തുടങ്ങി വിസ്മയ കാഴ്ചകള്‍ ഒരുക്കുന്ന നിരവധിയിടങ്ങളുമുണ്ട്.


സ്വപ്നങ്ങളുടെ പറുദീസയാണ് തായ്‌ലന്‍ഡ്. സെക്‌സ് ടൂറിസം ഏറ്റവും കൂടുതല്‍ നടക്കുന്ന ഇടമെന്ന പേരുദോഷം തായ്‌ലന്‍ഡിന് ഉണ്ടെങ്കിലും കുടുംബവുമൊത്ത് സുരക്ഷിതമായി പോകാന്‍ പറ്റിയ ഇടമാണ്. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ ആസ്വദിക്കാം.
കാഴ്ചയുടെ അത്യപൂര്‍വ വിസ്മയം തുറന്നുതരുന്ന തായ്‌ലന്‍ഡിന്റെ പ്രകൃതി കേരളവുമായി ഏറെ സാമ്യമുള്ളതായിട്ടാണ് എനിക്ക് തോന്നിയത്. ഉറങ്ങാത്ത തെരുവുകളും നിലയ്ക്കാത്ത സംഗീതവും നൃത്തച്ചുവടുകളുമൊക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചു. അവിടുത്തെ ബീച്ചുകളും നഗരകാഴ്ചകളുമൊക്ക ഏറെ രസകരമായിരുന്നു. കൂടാതെ അടിപൊളി ഭക്ഷണവിഭവങ്ങളുമുണ്ട്.
ബുര്‍ജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ് മാളുകളുമെല്ലാമൊരുക്കിയ ദുബായ്യും എനിക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. മിറാക്കിള്‍ ഗാര്‍ഡനും ബുര്‍ജ് ഖലീഫയും ഡോള്‍ഫിനേറിയവുമെല്ലാം അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. ദുബായ്ക്ക് പകലിനെക്കാള്‍ ശോഭ രാത്രിയിലാണ്. അത്യാഡംബരത്തിന്റ മായികകാഴ്ചകളുള്ള ആ നഗരം എനിക്കു പ്രിയപ്പെട്ടതാണ്.
എന്റെ ഫേവറിറ്റ് ട്രിപ്പ് ഗോവയിലേക്കുള്ളതായിരുന്നു. ഞാനും എന്റെ ലിയോചേട്ടനും മാത്രമായുള്ള യാത്ര ശരിക്കും അടിച്ചുപൊളിച്ചു. ഞങ്ങള്‍ സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്ര. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ യാത്രയായിരുന്നു. എങ്കിലും ആഘോഷിച്ചു തകര്‍ത്തു. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാണ് എനിക്കിഷ്ടപ്പെട്ടത്. ആട്ടവും പാട്ടും നിറഞ്ഞ ഗോവയുടെ കടല്‍ത്തീരങ്ങളില്‍ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. മടുപ്പ് തോന്നില്ല. ഗോവയില്‍നിന്നു മുരുഡേശ്വരവും മൂകാംബികയുമൊക്ക ചുറ്റിയടിച്ചു. ത്രില്ലടിപ്പിച്ച യാത്രകളായിരുന്നു.


മൂന്നാറിനോളം സൗന്ദര്യം മറ്റൊന്നിനും എനിക്ക് തോന്നിയിട്ടില്ല. മഞ്ഞും കുളിരും നിറഞ്ഞ മൂന്നാര്‍ യാത്ര എന്നും ഹരം പകരും. മൂന്നാറിലെ എന്റെ ഇഷ്ടസ്ഥലം പട്ടുമലയാണ്. കുട്ടിക്കാനം – തേക്കടി റൂട്ടിലാണ് പട്ടുമല. അവിടെ മാതാവിന്റെ പള്ളിയുണ്ട്. മാതാവിന്റെ തിരുസന്നിധിയിലേക്ക് എത്ര പോയാലും എത്ര സമയം ചെലവഴിച്ചാലും മതിയാകില്ല. പ്രകൃതിയുടെ ഏറ്റവും വലിയ അനുഗ്രഹമെന്ന് നമുക്ക് തോന്നിപ്പോകും. കുന്നിന് മുകളില് പൂര്ണമായും ഗ്രാനൈറ്റില് നിര്മിച്ച പള്ളി ആരെയും ആകര്‍ഷിക്കും. അവിടെ എത്തിയാല്‍ മനസ്സിന് വല്ലാത്തൊരു അനുഭവമാണ്. ലിയോചേട്ടനൊടൊപ്പം പലതവണ മാതാവിന്റെ അരികില്‍ പോയിട്ടുണ്ട്.
എന്റെ ഡ്രീംഡെസ്റ്റിനേഷനിലേക്ക് അധികം താമസിയാതെ തന്നെ കൊണ്ടുപോകാമെന്ന് എന്റെ ലിയോചേട്ടന്‍ വാക്കു തന്നിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡാണ് എന്റെ സ്വപ്ന നഗരം. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും കണ്ട് മനസ്സില്‍ നിറഞ്ഞ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മായാസൗന്ദര്യം നേരിട്ടു തന്നെ ആസ്വദിക്കണം. ആ യാത്രയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞാന്‍.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍
(ഈ കണ്ടന്റും ചിത്രങ്ങളുമായി ബന്ധപ്പെട്ട യാതൊരുവിത പകര്‍പ്പവകാശവും ഞങ്ങളുടേയിരിക്കില്ല)

share this post on...

Related posts