സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

stephen-hawking

ഇംഗ്ലണ്ട്: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) സ്വവസതിയില്‍ അന്തരിച്ചു. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബേര്‍ട്ട്, ടിം എന്നിവര്‍ സംയ്കുത പ്രസ്താവനയിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രം വിഭാഗത്തില്‍ ലുക്കാഷ്യന്‍ പ്രഫസറായ അദ്ദേഹത്തിന്റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ശാസ്ത്രഗ്രന്ഥം വളരെ പ്രശസ്തമാണ്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഹോക്കിങ്ങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.

Stephen Hawking, British astrophysicist, is shown in Chicago Monday, Dec. 15, 1986. (AP Photo/Banks)

നാശോന്മുഖമായ നക്ഷത്രങ്ങള്‍ അഥവാ തമോഗര്‍ത്തങ്ങളുടെ പിണ്ഡം,ചാര്‍ജ്ജ്, കോണീയ സംവേഗബലം എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍. ഭീമമായ ഗുരുത്വാകര്‍ഷണ ബലം ഗുരുത്വാകര്‍ഷണബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.

1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താല്‍പര്യം.

stephen-hawlking-2

17ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. രോഗം മൂര്‍ച്ഛിച്ച് ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം പിന്നീട് വീല്‍ ചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയാണ് പിന്നീട് അദ്ദേഹം ലോകത്തോട് സംസാരിച്ചത്. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റോജര്‍ പന്റെോസ് നക്ഷത്ര പരിണാമത്തിലെ അവസ്ഥയായ തമോഗര്‍ത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. 1965-ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. 1991-ല്‍ അവര്‍ വിവാഹമോചനം നേടി. യൂണിവേഴ്‌സ് ഇന്‍ എ നട്‌ഷെല്‍, മകള്‍ ലൂസിയുമായി ചേര്‍ന്നു കുട്ടികള്‍ക്കായി അദ്ദേഹം എഴുതിയ ജോര്‍ജ്‌സ് സീക്രട്ട് കീ ടു ദ യൂണിവേഴ്‌സ്, ദ് ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്‌സ്, മൈ ബ്രീഫ് ഹിസ്റ്ററി. ജി.എഫ്.ആര്‍.എല്ലിസുമായി ചേര്‍ന്ന് എഴുതിയ ‘ലാര്‍ജ് സ്‌കെയില്‍ സ്ട്രക്ചര്‍ ഓഫ് സ്‌പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറല്‍ റിലേറ്റിവിറ്റി’ എന്നിവയാണു പ്രധാന രചനകള്‍. 1989 ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയ അവാര്‍ഡ്, 2006ല്‍ കോപ് ലേ മെഡല്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ച പ്രധാന പുരസ്‌കാരങ്ങളാണ്.

 

share this post on...

Related posts