അത്യാധുനിക അന്തര്‍വാഹിനികള്‍ ഇന്ത്യയില്‍ നിര്‍മിക്കും

വിദേശ കമ്പനികളുടെ സഹകരണത്തോടെ തദ്ദേശീമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 42,000 കോടിയുടെ പ്രതിരോധ പദ്ധതിയാണ് ഇത്. മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കാനുള്ള സ്റ്റെല്‍ത്ത് സംവിധാനങ്ങള്‍ അടങ്ങിയ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധയിടുന്നത്.

അന്തര്‍വാഹിനി നിര്‍മാണത്തിന് അടുത്ത മാസം ടെന്‍ഡര്‍ പുറപ്പെടുവിക്കും. പ്രോജക്ട് 75ഐ എന്ന് പേരിട്ടിരിക്കുന്ന അന്തര്‍വാഹിനി നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള മസഗോണ്‍ ഡോക്ക്‌സ് ലിമിറ്റഡ്, സ്വകാര്യ കപ്പല്‍ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളില്‍ നിന്നാണ് താത്പര്യപത്രം ക്ഷിണിക്കുക.

ആയുധങ്ങളുടെ തദ്ദേശവത്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2017-ല്‍ തയ്യാറാക്കിയ സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് പോളിസി പ്രകാരമാണ് അന്തര്‍വാഹിനി നിര്‍മിക്കുക. ഈ നയപ്രകാരം നടപ്പിലാകാന്‍ പോകുന്ന ആദ്യ പദ്ധതിയാണ് ഇതെന്നതും മറ്റൊരു സവിശേഷതയാണ്.

താത്പര്യപത്രം അയച്ചുകഴിഞ്ഞാല്‍ ഈ കമ്പനികള്‍ക്ക് പ്രതിരോധമന്ത്രാലയം നേരത്തെ തയ്യാറാക്കിയിട്ടുള്ള പട്ടികയിലുള്ള കമ്പനികളില്‍ നിന്ന് സാധന സാമഗ്രികള്‍ വാങ്ങാന്‍ കരാറിലേര്‍പ്പെടാം. പ്രതിരോധ മന്ത്രി അടുത്തിടെ പ്രഖ്യാപിച്ച് ആയുധ ഇറക്കുമതി നിയന്ത്രണ പട്ടികയില്‍ അന്തര്‍വാഹിനികളോ അവയുടെ ഘടകങ്ങളോ ഉള്‍പ്പെടുന്നില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തടസ്സമൊന്നും ഉണ്ടാകാനിടയില്ല.

റഷ്യയിലെ റൂബിന്‍ ഡിസൈന്‍ ബ്യൂറോ, ഫ്രാന്‍സിലെ ഡിസിഎന്‍എസ്, ജര്‍മനിയിലെ തൈസന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം, സ്‌പെയിനിലെ നവന്‍തിയ, ദക്ഷിണ കൊറിയന്‍ കമ്പനിയായ ദീവു എന്നിവയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുള്ള കമ്പനികള്‍. പദ്ധതി പ്രകാരമുള്ള കരാര്‍ 2021-2022 വര്‍ഷത്തിനുള്ളില്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. 

Related posts