സ്‌പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുംബൈയില്‍ നിന്നുള്ള തീവണ്ടിയുടെ സ്റ്റോപ്പുകളെ സംബന്ധിച്ച് വ്യക്തമായ വിവരം ഇല്ലാത്തത് കണ്ണൂരില്‍ ആശയക്കുഴപ്പത്തിന് വഴിവച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.
യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്റൈന്‍ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് വളരെ വൈകിയാണ് ജില്ലാ ഭരണകൂടം അറിഞ്ഞത്. ഇന്നലെ രാത്രി പത്തു മണിക്ക് മുംബൈ ലോകമാന്യ തിലക്ക് സ്റ്റേഷനില്‍ നിന്ന് തിരിച്ച തീവണ്ടിക്ക് കണ്ണൂരില്‍ സ്റ്റോപ്പ് വൈകിയാണ് അനുവദിച്ചത്. ജില്ലാ ഭരണകൂടത്തിന് രാവിലെ 11 മണിക്കാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര സന്നാഹങ്ങള്‍ ഒരുക്കി. ഷൊര്‍ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നത്.

Related posts