സോളിഡ് സ്റ്റേറ്റ് പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ വികസിപ്പിച്ചു

കോഴിക്കോട്: വൈദ്യുതി വിതരണരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്ന് ഉയര്‍ന്ന പ്രവര്‍ത്തനശേഷിയും ചെലവുകുറഞ്ഞതുമായ ട്രാന്‍സ്ഫോര്‍മര്‍ വികസിപ്പിച്ച് എന്‍.ഐ.ടി. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗം ഗവേഷകര്‍. സോളിഡ് സ്റ്റേറ്റ് പവര്‍ ട്രാന്‍സ്ഫോര്‍മര്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് പരമ്പരാഗത ട്രാന്‍സ്ഫോര്‍മറുകളുടെ നാലിലൊന്നില്‍ക്കുറവ് വലുപ്പമേ ഉണ്ടാവുകയുള്ളൂ. വ്യാവസായിക ഉത്പാദനത്തിനായി പൊതുമേഖലാ സ്ഥാപനമായ കൊച്ചി അലൈഡ് ഇലക്ട്രിക്കല്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങുമായി (കെല്‍) ധാരണാപത്രം ഒപ്പിട്ടു. കാര്യക്ഷമത കൂടുതലുള്ളതിനാല്‍ വൈദ്യുതി പ്രസരണ നഷ്ടം കാര്യമായി കുറയ്ക്കാന്‍ നൂതന ട്രാന്‍സ്ഫോര്‍മറിന് കഴിയും. ഫ്യൂസും കണ്‍ട്രോള്‍ ഡിവൈസുകളും മറ്റും വേണ്ടാത്തതിനാല്‍ നിര്‍മാണച്ചലവും കുറവാണ്. സബ്സ്റ്റേഷനുകളില്‍ ഇരുന്നുതന്നെ റിമോട്ട് കണ്‍ട്രോള്‍വഴി നിയന്ത്രിക്കാനാവുമെന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയില്‍ ആദ്യമായാണ് സോളിഡ് സ്റ്റേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രാന്‍സ്ഫോര്‍മര്‍ വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ഡോ. എസ്. അശോക് പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കുമരവേല്‍, ഗവേഷക വിദ്യാര്‍ഥിനി ജി. ഹരിത എന്നിവരും മൂന്നുവര്‍ഷമായി നടക്കുന്ന ഗവേഷണത്തില്‍ പങ്കാളികളായി. വിജയകരമായ പരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് സാങ്കേതികവിദ്യ കെല്‍ ഏറ്റെടുത്തത്.

share this post on...

Related posts