സോളാര്‍ കേസ്: പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എ.ഹേമചന്ദ്രന്റെ സത്യവാങ്മൂലം

BehQK_qCIAAc81t

BehQK_qCIAAc81t
തിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസക്തമായ വസ്തുതകള്‍ മറച്ചുവച്ചും പൊലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിച്ചെന്ന് എ.ഹേമചന്ദ്രന്‍. സോളാര്‍ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ സോളാര്‍ കമ്മിഷനെ പ്രേരിപ്പിച്ചത് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രന്‍ കമ്മിഷന്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചു നല്‍കിയ സത്യവാങ്മൂലം.
ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ കഴിഞ്ഞ ജനുവരി എട്ടിനാണ് അദ്ദേഹം കമ്മിഷനില്‍ സത്യവാങ്മൂലം നല്‍കിയത്. കമ്മിഷന്റെ വിസ്താര വേളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു ഹേമചന്ദ്രന്‍ നല്‍കിയ മറുപടി കമ്മിഷന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നു കമ്മിഷന്റെ നിഗമനം എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പിലും പ്രകടമാണ്. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ പ്രത്യേക സംഘം കുല്‍സിത ശ്രമം നടത്തിയെന്നു കമ്മിഷന്‍ കണ്ടെത്തിയതായാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രക്കുറിപ്പില്‍ പറഞ്ഞത്.
സത്യവാങ്മൂലത്തില്‍ പറഞ്ഞത്:
വിചാരണയിലിരിക്കുന്ന ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു ജുഡീഷ്യല്‍ കോടതിയില്‍ മാത്രമാണ്, എന്‍ക്വയറി കമ്മിഷനില്‍ അല്ല. അതു കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ പെടാത്തതാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളുമാണു കമ്മിഷന്റെ അന്വേഷണ വിഷയം. അതില്‍ കമ്മിഷനെ സഹായിക്കാനാണു താനും അന്വേഷണ ഉദ്യോഗസ്ഥരും തെളിവ് നല്‍കാന്‍ പലതവണ ഹാജരായത്. എന്നാല്‍, അതിനപ്പുറം ക്രിമിനല്‍ കേസുകളുടെ വിചാരണയാണു കമ്മിഷനില്‍ നടക്കുന്നത്.
പല സാക്ഷികളും പൊലീസ് മൊഴി രേഖപ്പെടുത്തി രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞാണു കമ്മിഷനില്‍ മൊഴി നല്‍കാന്‍ എത്തിയത്. ചിലപ്പോള്‍ മൊഴികളില്‍ വ്യത്യാസമുണ്ടാകാം. അപ്പോള്‍, പൊലീസ് പണ്ടു രേഖപ്പെടുത്തിയ മൊഴി തെറ്റ്, കമ്മിഷന്‍ ഇപ്പോള്‍ രേഖപ്പെടുത്തിയതു ശരി എന്ന മുന്‍വിധിയോടെ അതിനു വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്ന അവസ്ഥ കമ്മിഷനില്‍ ഉണ്ടായി. ക്രിമിനല്‍ കേസില്‍ എങ്ങനെ അന്വേഷണം നടത്തണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യമാണെന്ന അടിസ്ഥാന തത്വത്തിന്റെ അന്തസത്തയില്‍നിന്നു കമ്മിഷന്‍ പലപ്പോഴും വ്യതിചലിച്ചു.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണത്തെക്കുറിച്ചു തെളിവ് ശേഖരിക്കുന്നതിനപ്പുറം കേസന്വേഷണത്തെയും പൊലീസിനെയും ബോധപൂര്‍വം കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. കമ്മിഷനില്‍ സലിം രാജ് വ്യത്യസ്ത മൊഴികള്‍ നല്‍കിയിട്ടും അതിന്റെ കാരണം പോലും ചോദിച്ചില്ല. വിവിധ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടത്തിലിരിക്കുന്ന കേസുകളുടെ അന്വേഷണത്തെക്കുറിച്ചു കമ്മിഷന്‍ പരാമര്‍ശിക്കുന്നതു ഗുരുതര ഭരണഘടനാ വിഷയമെന്നതിനപ്പുറം നീതിനിഷേധം കൂടിയാണ്‌സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്തം 33 കേസുകളുടെ അന്വേഷണം മാത്രം
തിരുവനന്തപുരംന്മ സോളാര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ ഉത്തരവാദിത്തം 33 ക്രിമിനല്‍ കേസുകളുടെ അന്വേഷണം മാത്രമായിരുന്നുവെന്ന് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രന്‍. ജനുവരിയില്‍ സോളാര്‍ കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ ചുമതലപ്പെടുത്തിയ കാര്യങ്ങളാണു പ്രത്യേക സംഘം അന്വേഷിച്ചത്. ഈ കേസുകള്‍ക്കപ്പുറം എന്തെങ്കിലും അന്വേഷിക്കണമെന്നുണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അക്കാര്യം അറിയിക്കുമായിരുന്നുവെന്നും അതില്‍ പറയുന്നു.
2013 ജൂണിലാണു പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം സര്‍ക്കാരിനും ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കി. സരിതാ നായരും മുഖ്യമന്ത്രിയുടെ ഗണ്‍മാനായ സലിം രാജുമായുള്ള അശ്ലീല സംഭാഷണത്തെക്കുറിച്ചായിരുന്നു അത്. അതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ സലിം രാജിനെ സസ്‌പെന്‍ഡ് ചെയ്തതും ജിക്കുമോന്‍ ജേക്കബ്ബിനെ പഴ്‌സനല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കിയതും.
ഇവരുടെയെല്ലാം മൊബൈല്‍ ഫോണ്‍ വിളിയുടെ വിശദാംശം ഇന്റലിജന്‍സില്‍നിന്നു ശേഖരിച്ച ശേഷമാണു റിപ്പോര്‍ട്ട് നല്‍കിയത്. ആറു മാസം കൊണ്ട് 33 കേസിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. രണ്ടു കേസില്‍ സരിതാ നായരെ ശിക്ഷിച്ചു. രണ്ടു വര്‍ഷം തടവും പിഴയുമായിരുന്നു ശിക്ഷ. മറ്റു കേസുകളുടെ വിചാരണ വിവിധ ഘട്ടങ്ങളിലാണ്. ശിക്ഷ വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

Related posts