മതം മാറ്റമെന്നത് പ്രണയം തേടിയുള്ള യാത്രയാണ്, അത് മാറി മാറി അണിയാവുന്ന വേഷമാണെന്നും ‘ആമി’ പറഞ്ഞു വെയ്ക്കുന്നത് ഇന്നത്തെ സമൂഹത്തോടാണ്

manju-warrier-aami-poster

മാധവിക്കുട്ടിയുടെ ജീവിതം വരച്ചു കാട്ടുന്ന സിനിമയാണ് കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’. ഈ സിനിമയെക്കുറിച്ച് ജേര്‍ണലിസ്റ്റ് സ്‌നേഹ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

ആമി എന്ന തന്റെ പുതിയ ചിത്രത്തില്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയിലുപരി മാധവിക്കുട്ടി എന്ന സ്ത്രീയെ കണ്ടെത്താനാണ് കമല്‍ എന്ന സംവിധായകന്‍ ശ്രമിച്ചത്.
മാധവിക്കുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും രണ്ടാണെന്ന് തുടക്കത്തില്‍ പറയുന്നുവെങ്കിലും ഒടുക്കം എഴുത്തും ജീവിതവും ഒന്നാവുന്നുണ്ട്. ആമിയുടെ കുട്ടിക്കാലവും കൗമാരവും എത്തുന്ന ആദ്യ പകുതി മനസിലാവാന്‍ മിനിമം മാധവിക്കുട്ടിയെ വായിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. മാധവിക്കുട്ടി ഉണ്ടാക്കിയിട്ടു പോയ അവരുടെ സാങ്കല്‍പിക ലോകവും യഥാര്‍ത്ഥ ജീവിതത്തിന്റെ ആവിഷ്‌കാരവുമെത്തുമ്പോള്‍ ഇടയ്ക്ക് ചിലതൊക്കെ കൂടെ പിണഞ്ഞു പോവുന്നുണ്ട്. അതിനാല്‍ ആമിയെ അടുത്തറിയാത്ത ഒരു ശരാശരി പ്രേക്ഷകന് കണ്‍ഫ്യൂഷന്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുടക്കത്തില്‍ സിനിമ അല്‍പം ബോറടിപ്പിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയില്‍ തുടങ്ങി സിനിമയിലേക്കെത്താന്‍ ആമിക്ക് കഴിഞ്ഞിട്ടില്ല. ഒരു ഡോക്യുഡ്രാമ ഗണത്തില്‍ ആമിക്ക് മികവുണ്ട്. മലയാളത്തിലുണ്ടായ ബയോപിക്കുകളില്‍ മികച്ചതെന്ന് പറയാവുന്നതാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെങ്കിലും കഥാപാത്രങ്ങള്‍ക്ക് അഭിനയ സാധ്യത ഉണ്ടായിരുന്നുവോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മികച്ച അഭിനയം സമ്മാനിച്ചത് മാധവദാസ് തന്നെയാണ്. സ്‌നേഹമുള്ള ഭര്‍ത്താവായും ഭാര്യയെ ഭോഗവസ്തു മാത്രമാക്കിയ പുരുഷനായും ഭാര്യയുടെ കാവല്‍ക്കാരനായും മാധവദാസ് മുരളി ഗോപിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ബാലാമണിയമ്മയുടെ വാര്‍ദ്ധക്യം ഇതിലും മികച്ചതാക്കാന്‍ ഇത്രത്തോളം സാമ്യമുള്ള മറ്റൊരാള്‍ ഉണ്ടാവുമോ എന്നറിവില്ല. മഞ്ജുവിന് രണ്ടാം വരവില്‍ ലഭിച്ച മികച്ച വേഷങ്ങളിലൊന്നാവാം ആമിയിലേത്. കമലയുടെയും സുരയ്യയുടെയും ഭാവവ്യത്യാസങ്ങളെയും പരിണാമങ്ങളെയും ഏറെക്കുറെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് മഞ്ജുവിന് സാധിച്ചത് എന്നാല്‍ പതിവില്‍ നിന്ന് മാറി ഒന്നും ചെയ്യാന്‍ ഇവിടെയില്ലാതിരുന്നു. ഡബ്ബിങ്ങിലുണ്ടായ പാളിച്ചകള്‍ ആമിയുടെ മാറ്റ് കുറച്ചിട്ടുണ്ട്. അഭിനയ സാധ്യത എന്ന് പൊതുവെ പറയപ്പെടുന്ന ഒന്ന് ഇവിടെ ഇല്ലായിരുന്നിരിക്കാം അല്ലെങ്കില്‍ ഉണ്ടായിട്ടും ഉപയോഗിച്ചിട്ടുണ്ടാവില്ല. ആത്മകഥയുടെ അംശമുള്ള സിനിമകള്‍ക്ക് സാധാരണ പ്രേക്ഷകപ്രീതി ലഭിക്കാത്തതാണെങ്കിലും ആമിയെന്ന സുപരിചിതയുടെ കഥ എങ്ങനെയാവുമെന്ന പ്രതീക്ഷ പ്രേക്ഷകനുണ്ടായിരിക്കണം എന്നാല്‍ ഒരു ശരാശരി പ്രേക്ഷകന് ചിത്രം ഒരു പരിധി വരെ നിരാശ തന്നെയാണ് നല്‍കുന്നത്. ജീവിതം സിനിമയാക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ഏറെയുണ്ട് അത് വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരിയായ മാധവിക്കുട്ടിയുടേതു കൂടിയാവുമ്പോള്‍ അവിടെ പ്രയാസം വീണ്ടും കൂടും. അത്തരത്തിലുള്ള ന്യൂനതകള്‍ ഏറെയുണ്ടീ സിനിമയ്ക്ക്. ജീവിതത്തിലെ എല്ലാം സിനിമയാക്കുക എന്നത് സാധ്യമായ ഒന്നല്ല എങ്കിലും ആമിയുടെ ജീവിതത്തില്‍ എവിടെയൊക്കെയോ നടന്ന എന്തൊക്കെയോ കൂട്ടിയിണക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്റെ കഥയുടെ വരവ് സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളെ സിനിമ നന്നായി അവതരിപ്പിച്ചെങ്കിലും കമലയുടെ സുരയ്യയെന്ന പരിവര്‍ത്തനവും അതിന്റെ കോലാഹലങ്ങളും അത്രത്തോളം ചിത്രത്തിലേക്ക് എത്തിയിട്ടില്ലെന്ന് തോന്നിയേക്കും. വര്‍ഗീയ ഫാഷിസ്റ്റ് കാലത്ത് ആമിയെത്തിയെങ്കിലും ആരെയും ഒന്നിനെയും വ്രണപ്പെടുത്താതെയാണ് സുരയ്യ കടന്നു പോവുന്നത്. മലയാള സദാചാര സമൂഹം മുറിവേല്‍പ്പിച്ച മാധവിക്കുട്ടിയും സുരയ്യയും സിനിമയിലേക്ക് എത്തിയിട്ടില്ല . സിനിമയിലെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ളത് രണ്ട് പാട്ടുകള്‍. ഇതില്‍ നീര്‍മാതളം എന്ന ഗാനത്തിന് പുന്നയൂര്‍ക്കുളത്തിന്റെ ഗൃഹാതുരതയുടെ ചന്തമുണ്ട്. ബിജിപാലിന്റെ പശ്ചാത്തല സംഗീതം കൂടി ആയപ്പോള്‍ സംഗീതവും സിനിമയും ഒരാത്മാവായി.
മധു നീലകണ്ഠന്റെ ക്യാമറയില്‍ ആമിയ്ക്കും പുന്നയൂര്‍ കുളത്തിനും കൊല്‍ക്കത്തയ്ക്കും മുംബൈക്കും അഴക് കൂടിയിട്ടേയുള്ളൂ. പഴമയിലേക്ക് കൊല്‍കത്തയെയും മുംബൈയെയും എത്തിച്ചതില്‍ ആര്‍ട് ഡയറക്ടര്‍ വിജയിച്ചു എന്ന് പറയാം.
രാധാ- കൃഷ്ണ സങ്കല്പത്തെ ഭാവുകത്വത്തോടെ അവതരിപ്പിക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്. കമലയുടെ കൃഷ്ണനും സുരയ്യയുടെ പ്രവാചകനും ഒന്നാവുന്നിടത്ത് സിനിമക്ക് കൈവരുന്നത് മതസൗഹാര്‍ദ്ദത്തിന്റെ ഭാവമാണ്. മതം മാറ്റമെന്നത് പ്രണയം തേടിയുള്ള യാത്രയാണെന്നും മതം എന്നത് മാറി മാറി അണിയാവുന്ന വേഷമാണെന്നും ‘ആമി’ പറഞ്ഞു വെയ്ക്കുന്നത് ഇന്നത്തെ സമൂഹത്തോട് കൂടിയാണ്.

https://www.google.com/url?q=https://m.facebook.com/story.php?story_fbid%3D250454262160980%26id%3D100015892245492&sa=D&ust=1518336766757000&usg=AFQjCNGZCXngX3V1e5n3S2P6tKMECagG4A

share this post on...

Related posts