ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോല്; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിൽ പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി ഉയർന്നത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട്   സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടേതാണ് പരാതി. മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ഭക്ഷണം വാങ്ങി കുറച്ച് കഴിച്ച ശേഷമാണ് ഇവർ ഈ അവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു.

നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ പാമ്പിന്റെ തൊലിയാണ് ഭക്ഷണത്തിൽ കണ്ടെത്തിയതെന്ന് വ്യക്തമായി. ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടൽ അടപ്പിച്ചു. പാമ്പ് പൊഴിച്ച പുറംഭാഗത്തെ തൊലി പേപ്പറിൽ പറ്റിപ്പിടിച്ചിരുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടൽ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി.

Related posts