ഏഴ് മണിക്കൂറില്‍ കുറവാണോ ഉറക്കം? പ്രശ്‌നമാണ്

ഉറക്കം കുറവാണ്, മതിയായ ഉറക്കം കിട്ടിയില്ല എന്നെല്ലാമുള്ള പരാതികള്‍ പലരും പറയാറുണ്ട്. മാറിവരുന്ന ജോലിയുടെ സ്വഭാവം, ദിവസേനയുള്ള യാത്രകള്‍, മാനസിക സംഘര്‍ഷം, ആഹാരരീതി ഇവയെല്ലാം നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. പക്ഷേ, എന്ത് കാരണം കൊണ്ടാണെങ്കിലും ദിവസത്തില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരെ കാത്ത് ഒരു മോശം വാര്‍ത്തയാണ് വൈദ്യലോകത്ത് നിന്ന് കേള്‍ക്കുന്നത്. കുറച്ച് ഉറങ്ങുന്നവര്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം.

രാത്രിയില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ലോവര്‍ ബ്ലഡ് പ്രഷര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ആളുകളുടെ ഹൃദയധമനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. എക്സ്പിരിമെന്റല്‍ ഫിസിയോളജി ജേണലില്‍ ഇതുസംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഉറക്കക്കുറവ് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളാര്‍ഡിലെ പ്രഫസര്‍ ക്രിസ്റ്റഫര്‍ ഡിസൂസ പറയുന്നത്. 44നും 62നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്‍മാരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഗവേഷകന്‍ ഈ നിഗമനത്തിലെത്തിയത്.

തങ്ങളുടെ ഉറക്കത്തിന്റെ സമയക്രമത്തെക്കുറിച്ചറിയാന്‍ ഇവര്‍ ഓരോരുത്തരോടും ചോദ്യങ്ങള്‍ ചോദിച്ചു. ഇവരില്‍ പകുതി ആളുകള്‍ ഏഴ് തൊട്ട് എട്ടര മണിക്കൂര്‍ വരെ ഉറങ്ങുന്നവരാണെങ്കില്‍ ബാക്കി പകുതി ആളുകള്‍ അഞ്ച് തൊട്ട് ആറര മണിക്കൂര്‍ വരെ ഉറങ്ങുന്നവരായിരുന്നു. ഇതില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആയതിനാല്‍ രാത്രിയിലെ ഉറക്കം വളരെ പ്രധാനമാണെന്നും എല്ലാവരും ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നുമാണ് പ്രഫസര്‍ ഡിസൂസ പറയുന്നത്.

share this post on...

Related posts