ഗാന്ധി ഘാതകന് വീരപരിവേഷം: ഒറ്റയാള്‍ പ്രതിഷേധവുമായി എബി ജെ. ജോസ്

കോട്ടയം: ഗാന്ധി ഘാതകന് വീരപരിവേഷം നല്‍കുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നിലപാടിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തി. ഗാന്ധിജിയെ വിമര്‍ശിച്ചോളൂ, അധിക്ഷേപമരുതെന്ന പ്ലക്കാര്‍ഡുമേന്തിയായിരുന്നു എബിയുടെ ഒറ്റയാള്‍ പ്രതിഷേധം.
കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുന്നത് തലമുറകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ ജീവന്‍ കവരുന്നത് ഭീകരപ്രവര്‍ത്തനം തന്നെയാണ്. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു ഗാന്ധിജി പറഞ്ഞപോലെ പറയാന്‍ ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു നേതാവിനും പറയാന്‍ സാധിക്കുകയില്ല. കമാണ്‍ഡോകളുടെ തോക്കുകള്‍ക്കിടയില്‍ നിന്ന് വീരവാദം മുഴക്കുന്ന നേതാക്കളാണ് നമുക്ക് മുന്നിലുള്ളത്.
ഗാന്ധി ഘാതകന് വീരപരിവേഷം നല്‍കിയവര്‍ അജ്മല്‍ കസബിനെയും ബില്‍ ലാദനെയും വീരന്മാരായി കരുതുന്നവരാണ്. ഗാന്ധിജി പഠിപ്പിച്ചത് അഹിംസയുടെ മാര്‍ഗ്ഗമാണ്. ഗാന്ധിജിയെ ആശയപരമായി എതിര്‍ക്കാനാവാത്തവരാണ് ഹിംസയുടെ പ്രവാചകരായി രംഗത്ത് വന്നിരിക്കുന്നത്.
ഹിംസയുടെ പ്രചാരകര്‍ക്കെതിരെ ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കണം. സമാധാനം ആഗ്രഹിക്കുന്ന ജനതയ്ക്ക് ഒരിക്കലും ഒരു കൊലപാതകിയെ അംഗീകരിക്കാന്‍ കഴിയില്ല. കൊലപാതകികളെ വീരന്മാരാക്കുന്നവരുടെ മാനസികനില പരിശോധനാ വിധേയമാക്കണം.
ഗാന്ധി നിന്ദക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്‍കും. രാഷ്ട്രപിതാവിനെ നിരന്തരം അവഹേളിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗാന്ധി നിന്ദ ചെറുക്കാന്‍ ഗാന്ധിയന്‍ സംഘടനകളുടെ ഏകോപന സമിതി രൂപീകരിക്കുമെന്നും എബി ജെ. ജോസ് പറഞ്ഞു.

share this post on...

Related posts