നിശബ്ദ കൊലയാളിയല്ല സയനൈഡ് ; കഴിച്ചാല്‍ നെഞ്ച് പിളര്‍ക്കുന്ന വേദന ഒടുവില്‍ മരണം

സൈനഡ് എന്ന അതിവേഗ വിഷം വീണ്ടും ചര്‍ച്ചയാവുകയാണ്. കൂടത്തായിയില്‍ സൈലന്റ് കില്ലിംഗിനായി പ്രതികള്‍ തെരഞ്ഞെടുത്തത് മാരക രാസവസ്തുവായ സയനൈഡ് തന്നെ.
സയനെഡ് ഒരു തരി ഉള്ളില്‍ ചെന്നാല്‍ വേദനയില്ലാതെ മരിക്കാമെന്ന ധാരണ തെറ്റാണ്. മരണം ഉടന്‍ സംഭവിക്കുമെങ്കിലും മൂന്ന് മുതല്‍ അഞ്ച് മിനിട്ട് വരെ അതി കഠിനമായ നെഞ്ച് വേദന അനുഭവപ്പെടും.

KCN എന്ന് രാസസൂത്രമുള്ള ഒരു സയുക്തമാണ് പൊട്ടാസ്യം സയനൈഡ്. പഞ്ചസാരയോടു സാമ്യമുള്ള ജലത്തില്‍ ലയിക്കുന്ന, നിറമില്ലാത്ത ക്രിസ്റ്റല്‍ രൂപത്തിലുള്ള ലവണമാണ്. തീക്ഷ്ണമായ എരിവു കലര്‍ന്ന രുചിയാണെന്ന് ഗവേഷകര്‍ പറയുന്നു.

അതികഠിനമായ വേദന ഒടുവില്‍ മരണം

ഉള്ളില്‍ ചെന്നാല്‍ വേദനകൊണ്ട് പുളയും. ഛര്‍ദിയും അസഹ്യമായ തലവേദനയും അനുഭവപ്പെടും. മുഖം ചുവന്നു തുടുക്കും. ശരീരത്തിലെത്തി അതിവേഗം രക്തത്തില്‍ കലരും. ക്രമേണ രക്തത്തിലെ കോശങ്ങള്‍ക്ക് ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരും. രക്തത്തിന്റെ നിറം മാറി തിളക്കമുള്ള ചുവന്ന നിറമാകും. ഭീതിപ്പെടുത്തുന്ന പരാക്രമങ്ങള്‍ക്കൊടുവില്‍ മരണം സംഭവിക്കും.

കാര്‍ബണും നൈട്രജനുമാണ് സയനൈഡില്‍ അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനെഡും സോഡിയം സയനൈഡുമെല്ലാം മാരകമായ വിഷങ്ങളാണ്. ഇവ ഉള്ളില്‍ ചെന്നാല്‍ മരിക്കാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്.

ഹൈഡ്രജന്‍ സയനൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിന്റെ ലായനിയുമായി പ്രവര്‍ത്തിപ്പിച്ചശേഷം ശൂന്യതയില്‍ ആ ലായനി ബാഷ്പീകരിച്ചാണ് പൊട്ടാസ്യം സയനൈഡ് ഉണ്ടാക്കുന്നത്. ഫോര്‍മമൈഡും പൊട്ടാസ്യം ഹൈഡ്രോക്സൈഡുമായി പ്രവര്‍ത്തിപ്പിച്ചും സൈനഡ് ഉണ്ടാക്കാം.

സയനൈഡ് ഉള്ളില്‍ എത്തുന്നതിന്റെ അളവ് അനുസരിച്ചാണ് മരണത്തിന്റെ വേഗത നിശ്ചയിക്കുന്നത്. 50 മുതല്‍ 60 വരെ മില്ലീഗ്രാം ഹൈഡ്രജന്‍ സയനൈഡ് ശരീരത്തിലെത്തിയാല്‍ മരണം സംഭവിക്കാം. 200 മുതല്‍ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളില്‍ ചെന്നാല്‍ മരണം സംഭവിക്കാം. ഹൈഡ്രജന്‍ സയനൈഡ് ഉള്ളില്‍ ചെന്നാല്‍ 2 മുതല്‍ 10 വരെ മിനിട്ടുവരെയും സോഡിയം- പൊട്ടാസ്യം സയനൈഡാണെങ്കില്‍ 30 മിനിട്ടുമാണ് മരിക്കാനെടുക്കുന്ന സമയം. ഇനി വിഷമുള്ളില്‍ ചെന്ന് തക്ക സമയത്ത് രക്ഷിച്ചാലും പിന്നീടുള്ള ജീവിതത്തിലും ശാരീരിക അവശതകള്‍ നേരിടേണ്ടതായി വരും.

സയനൈഡ് നിയന്ത്രണ വിധേയം

സാധാരണക്കാര്‍ക്ക് എളുപ്പം കിട്ടുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്. ജ്വല്ലറി പണികള്‍ക്കും ഇലക്ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങള്‍ക്കും ലബോറട്ടറികള്‍ക്കുമാണ് സയനൈഡ് ലവണങ്ങള്‍ ഉപയോഗിക്കുന്നത്. നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ലാബുകളില്‍നിന്ന് സ്വര്‍ണപ്പണിക്കാര്‍ക്കു സയനൈഡ് നല്‍കുന്നത്. സയനൈഡ് ഉപയോഗിക്കുന്നതിന് ലാബുകള്‍ക്കും നിയന്ത്രണമുണ്ട്.

Related posts