മാധവനും അനുഷ്​ക ഷെട്ടിയും ഒന്നിക്കുന്ന ‘നിശബ്‍ദം’

ഇന്ത്യയിൽ തന്നെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിരവധി സിനിമകളാണ് അടുത്തിടെ വിവിധ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായത്. കൊവിഡ് വ്യാപനം മൂലം തീയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിനിമകളുടെ ഡിജിറ്റൽ റിലീസുകള്‍ കൂടി വരികയാണ്. ആ പാതയിലേക്കാണ് അനുഷ്ക ഷെട്ടിയും ആർ. മാധവനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം ‘നിശബ്‍ദം’ എത്തുന്നത്. മാർച്ച് ആറിനാണ് ചിത്രത്തിൻെറ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഒരേ സമയം തെലുഗുവിലും ഹിന്ദിയിലും ‘നിശബ്ദം’ എന്ന പേരിലെത്തുന്ന ചിത്രം ‘സൈലൻസ്’ എന്ന പേരിൽ മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.

ഹേമന്ദ് മധുർകർ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകര്‍ അറിയിച്ചിരിക്കുന്നത്. ആന്‍റണി എന്ന സംഗീതജ്ഞൻെറ വേഷത്തിലാണ് മാധവനെത്തുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ നിർമാതാവ് കോന വെങ്കട്ട് ട്വിറ്ററിൽ അടുത്തിടെ ഒരു വേട്ടെടുപ്പ് നടത്തിയിരുന്നു. ശാലിനി പാണ്ഡേ, അഞ്ജലി, ഹോളിവുഡ് നടൻ മൈക്കൽ മാഡ്സൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ് ചിത്രത്തിൽ അനുഷ്ക ഷെട്ടി അഭിനയിച്ചിരിക്കുന്നത്. അതേസമയം അടുത്തിടെ നാനി, സുധീർ ബാബു എന്നിവർ നായകൻമാരായി അഭിനയിച്ച ‘വി’ എന്ന ചിത്രവും ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.

Related posts