വസ്ത്രവ്യാപാര മേഖലയില്‍ ബദല്‍ ഓണ്‍ലൈന്‍ സ്റ്റോറുമായി സിഗ്മ

വസ്ത്രവ്യപാര മേഖലയുടെ പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴസ് അസോസിയേഷന്‍ (സിഗ്മ). ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താകളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്ന രീതിയിലാണ് ‘സിഗ്മ ഇ-മാര്‍ക്കറ്റ്പ്ലെയ്സ്’ വിഭാവനം ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കുന്ന വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാരായ മിന്ത്ര, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, അജിയോ എന്നിവക്ക് ബദലാവുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അനുകൂലമായ രീതിയിലാകും ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഡെലിവറിയും വേഗത്തിലാക്കും.

രണ്ട് മൂന്ന് വര്‍ഷങ്ങളായി സമാനതകളില്ലാത്ത ദുരിതകാലത്തിലൂടെയാണ് കേരളത്തിലെ വസ്ത്രവ്യാപാര മേഖല കടന്ന് പോകുന്നത്. കൊറോണയില്‍ തുടങ്ങിയതല്ല വസ്ത്രവ്യാപാരികളുടെ പ്രശ്നങ്ങള്‍.നിപ്പയില്‍ ആരംഭിച്ച് രണ്ട് മഹാപ്രളയങ്ങളും കടന്ന് തകര്‍ന്നടിഞ്ഞ മേഖലയുടെ അടിത്തറ തകര്‍ത്താണ് കോവിഡ് മഹാമാരിയെത്തിയത്. ഏകദേശം 1000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വസ്ത്രവ്യാപാര മേഖലയിലുണ്ടാക്കിയത്. മാസങ്ങളായി കടകള്‍ തുറക്കാനാവത്തതിനാല്‍ പലര്‍ക്കും വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

സംസ്ഥാനത്ത് മാത്രം മൂന്ന് ലക്ഷത്തിലധികം പേരാണ് നേരിട്ടും അല്ലാതെയും ആശ്രയിക്കുന്ന വസ്ത്ര വ്യാപാര മേഖലയ്ക്ക് കൈത്താങ്ങാവുകയാണ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

വസ്ത്രനിര്‍മാതാക്കള്‍ മുതല്‍ മൊത്തവ്യാപാരികള്‍, ചെറുകിട കച്ചവടക്കാര്‍ വരെ ഉള്‍പ്പെടുന്ന സംവിധാനം
ഹോള്‍സെല്‍ ടു റീറ്റയില്‍, റീറ്റയില്‍ ടു കസ്റ്റമര്‍ വ്യാപാരം സാധ്യമാക്കും. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്ത് ഒരു വര്‍ഷത്തിലേറെയായി സിഗ്മ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്. ഇന്ത്യയിലെല്ലായിടത്തും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള അവസരം ഒരുക്കാന്‍ ആണ് ഇതിലൂടെ ശ്രമിക്കുന്നത്.

https://forms.gle/NooHPiSnMkLo9qzU7 എന്ന ലിങ്കില്‍ കയറി ഓരോ വ്യാപാരികള്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

Related posts