ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ സാധാരണമായി സ്ത്രീകള്‍ ഉപയോഗിക്കുന്നവയാണ് ഗര്‍ഭനിരോധന ഗുളികകള്‍. പലര്‍ക്കും ഇത്തരം ഗുളികകളെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നതാണ് വാസ്തവം. ഗര്‍ഭനിരോധന ഗുളികകള്‍ക്ക് 99% ഫലപ്രാപ്തിയുണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇത് ചിലരില്‍ ഛര്‍ദ്ദിക്ക് കാരണമായേക്കാം. സപ്ളിമെന്റുകളും ആന്റിബയോട്ടിക്കുകളും മറ്റും കഴിക്കുന്നത് ഗുളികകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ കാരണമായേക്കാം.
ഗര്‍ഭനിരോധന ഗുളികകള്‍ അണ്ഡവിക്ഷേപണത്തെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണുകള്‍ ഈസ്ട്രജന്റെയും പ്രോജസ്റ്റിന്റെയും നില ഉയര്‍ത്തുന്നതു വഴി അണ്ഡവിക്ഷേപണം നടത്തേണ്ട എന്ന സന്ദേശം അണ്ഡാശയങ്ങള്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍, ബീജങ്ങള്‍ അണ്ഡവുമായി സംയോജിക്കുന്നത് തടയപ്പെടുകയും ഗര്‍ഭം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ലൈംഗികജന്യ രോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ചിലര്‍ ധരിച്ചുവച്ചിട്ടുണ്ട്. ഇത് ശരിയല്ല. ഗര്‍ഭനിരോധന ഗുളികകള്‍ ലൈംഗികജന്യരോഗങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നില്ല. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതാണ് ഇതിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗം.
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതു മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലരില്‍ അത് കോച്ചിവലിക്കല്‍, മനോനിലയില്‍ മാറ്റങ്ങള്‍, അമിതവണ്ണം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമായേക്കാം.
ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍, ഏറ്റവും ഫലപ്രദവും, വില കുറഞ്ഞതും ലളിതമായി ഉപയോഗിക്കാവുന്നതുമായ ഗര്‍ഭനിരോധന മാര്‍ഗമാണിത്. ചികിത്സയില്‍ ഇരിക്കുന്ന ആളാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക. ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുന്ന സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം നിര്‍ത്തിവയ്ക്കുക. സ്വാഭാവിക രീതിയിലുള്ള ആര്‍ത്തവക്രമം ഉടന്‍ തന്നെയോ ഏതാനും മാസങ്ങള്‍ക്കുള്ളിലോ പുന:സ്ഥാപിക്കപ്പെടും.

share this post on...

Related posts