കഫെ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയ്ക്കായുള്ള തെരച്ചില്‍ തുടരുന്നു; കേന്ദ്ര സഹായം തേടി

ബെംഗളൂരു: ഇന്ത്യയിലെ മുന്‍നിര കോഫി ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയെ കാണാതായതുമായി ബന്ധപ്പെട്ട തെരച്ചിലിന് കേന്ദ്ര സഹായം തേടി. നദിയില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു സൂചനകളും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ് സിദ്ധാഥ.
തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിനു സമീപം നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനടുത്ത് സിദ്ധാര്‍ഥ കാറില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ പരിസരത്തെല്ലാം അന്വേഷണം നടത്തിയ ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
സിദ്ധാര്‍ഥയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ച പൊലീസ് നദിയിലും പരിസരങ്ങളിലും ബോട്ടുകളിലും മറ്റും തിരച്ചില്‍ നടത്തുകയാണ്. സിദ്ധാര്‍ഥയുടെ രോഗബാധിതനായ പിതാവ് മൈസൂരുവിലെ ആശുപത്രിയിലാണ്. സിദ്ധാര്‍ഥയെ കാണാനില്ലെന്ന വിവരം പരന്നതോടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാര്‍, ബി.എസ്. ശങ്കര്‍ തുടങ്ങിയവര്‍ ബെംഗളൂരുവിലെ വസതിയിലെത്തി എസ്.എം.കൃഷ്ണയെ കണ്ടു.

രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ പ്രമുഖനാണ് ‘കോഫി കിങ്’ എന്ന് അറിയപ്പെടുന്ന സിദ്ധാര്‍ഥ. അദ്ദേഹത്തിന്റെ ഓഫിസുകളില്‍ 2017 സെപ്റ്റംബറില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. 130 വര്ഷത്തോളമായി കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബമാണ് സിദ്ധാര്‍ഥയുടേത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയുടെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണ്. സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി. സിസാഡ എന്നിവയുടെയും സ്ഥാപകനും. 1996 ല്‍ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം രാജ്യമെമ്പാടും വ്യാപിച്ച കഫെ കോഫി ഡേ ശൃംഖല ഇന്ന് രാജ്യാന്തര ബ്രാന്‍ഡാണ്.
മറ്റെതെങ്കിലും വാഹനത്തില്‍ കയറിപ്പോയതാണോ, അബദ്ധത്തില്‍ നദിയില്‍ വീണതാണോ തുടങ്ങി എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് നേത്രാവതി നദിയില്‍ പൊലീസ് നടത്തുന്ന തിരച്ചില്‍ കണ്ട ശേഷം സിദ്ധാര്‍ഥയുടെ സുഹൃത്തായ മുന്‍ കോണ്‍ഗ്രസ് മന്ത്രി യു.ടി.ഖാദര്‍ മാധ്യമങ്ങളോടു പറഞ്ഞു. എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണ് സിദ്ധാര്‍ഥയുടെ ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്.

share this post on...

Related posts