അവര്‍ വേര്‍പിരിഞ്ഞത് മറ്റുള്ളവര്‍ക്ക് വാര്‍ത്തയായിരുന്നു,  ശ്രുതി ഹാസന്‍

നടന്‍ കമല്‍ ഹാസന്റെയും നടി സരിക ഠാക്കൂറിന്റെയും വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് മകളും നടിയുമായ ശ്രുതി ഹാസന്‍. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത് വളരെ വിഷമകരമായ ഒരു സംഗതിയാണെങ്കിലും രണ്ടുപേരുടേയും സന്തോഷം മക്കളായ തങ്ങള്‍ (ശ്രുതിയും അക്ഷരയും) തിരിച്ചറിഞ്ഞുവെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. ജീവിതത്തില്‍ എല്ലാമുണ്ടെങ്കിലും ചില വേദനകള്‍ അനിവാര്യമാണെന്നാണ് ശ്രുതി പറയുന്നു. തന്റെ മാതാപിതാക്കള്‍ സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് താന്‍ ആഗ്രച്ചിച്ചതെന്ന് ശ്രുതി വ്യക്തമാക്കി. ഞങ്ങള്‍ കടന്നു പോയ അവസ്ഥയെക്കുറിച്ച് പലരും സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ലോകത്തിന് അത് വാര്‍ത്തയായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അത് അങ്ങനെയായിരുന്നില്ല. എന്താണോ ചെയ്യേണ്ടിയിരുന്നത്, അത് അവര്‍ നന്നായി ചെയ്തു. അവരുടെ തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. കാരണം അവര്‍ രണ്ടുപേരും അവരുടേതായ രീതികളില്‍ സന്തോഷം അര്‍ഹിക്കുന്ന രണ്ട് വ്യക്തികളാണ്. അവര്‍ എന്റെ മാതാപിതാക്കളാകുന്നതിന് മുമ്പ് രണ്ട് വ്യക്തികളായിരുന്നു. മാതാപിതാക്കളായി എന്ന് കരുതി വ്യക്ത്വത്വത്തിന് മാറ്റമുണ്ടാകില്ല. ഇത് ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ള കാര്യമാണ്. ഞങ്ങള്‍ കുട്ടികള്‍ എല്ലാം നേരത്തേ മനസ്സിലാക്കിയിരുന്നു. രണ്ട് വ്യക്തികള്‍ പിരിയുന്നത് ദുഃഖകരമായ കാര്യമാണ്. ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയിലും, ജീവിതത്തില്‍ പല ബന്ധങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയിലും എനിക്ക് അതെക്കുറിച്ച് സംസാരിക്കാനാകും. ഒരു ബന്ധം ശരിയാകുന്നില്ല എന്ന് തോന്നിയാല്‍ അത് കൂട്ടിയൊട്ടിക്കാന്‍ ശ്രമിക്കരുത്. കാരണം മറ്റൊരു കൊടുങ്കാറ്റില്‍ അത് ഒന്നിച്ച് തകര്‍ന്ന് പോകും. പിരിയണം എന്ന് തോന്നുന്നുവെങ്കില്‍ വച്ച് താമസിപ്പിക്കരുത്. പുറത്തുള്ളവര്‍ക്കാണ് അതൊരു വേര്‍പിരിയലായി തോന്നുന്നത്- ശ്രുതി പറഞ്ഞു.

ശ്രുതി ഹാസന്റെ ജനനത്തിന് ശേഷം 1988 ലാണ് കമലും സരികയും വിവാഹിതരാകുന്നത്. 1991 ലാണ് രണ്ടാമത്തെ മകള്‍ അക്ഷര ജനിക്കുന്നത്. വിവാഹത്തിന് ശേഷം സരിക അഭിനയിക്കുന്നത് കുറച്ചിരുന്നു. കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തിയ ഹേ റാം എന്ന ചിത്രത്തിന് വസ്ത്രാലങ്കാരം ഒരുക്കിയ സരിക 2000 ല്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സരിക സ്വന്തമാക്കി. 2004 ലാണ് കമലും സരികയും വേര്‍പിരിയുന്നത്.

share this post on...

Related posts