രാജ് കുന്ദ്രക്കെതിരെ ലൈംഗിക ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര

നീലച്ചിത്രനിര്‍മ്മാണകേസില്‍ അറസ്റ്റിലായ നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. 2019ലാണ് രാജ് കുന്ദ്ര നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. രാജ് കുന്ദ്രയുമായുള്ള കൂടിക്കാഴ്ച്ചയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര നടിയുടെ വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ എത്തുകയായിരുന്നു. അവിടെ വെച്ച് എതിര്‍ത്തിട്ടും തന്നെ ചുംബിക്കുകയായിരുന്നു എന്നാണ് ഷെര്‍ലിന്‍ പറയുന്നത്.

രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിര്‍മാണക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് ഷെര്‍ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ തനിക്കു കുറേ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണ്ണമാണെന്നും നടി പറയുന്നു. രാജ് കുന്ദ്ര തന്നെയാണ് ബന്ധത്തില്‍ പലപ്പോഴും വലിയ സമ്മര്‍ദ്ദമുണ്ടാവാറുണ്ടെന്ന് തന്നോട് പറഞ്ഞതെന്നാണ് ഷെര്‍ളി പറയുന്നത്. 2021 ഏപ്രിലിലാണ് രാജ് കുന്ദ്രക്കെതിരെ ഷെര്‍ലിന്‍ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്.

‘2019 ന്റെ തുടക്കത്തില്‍, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ ‘ഷെര്‍ലിന്‍ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാല്‍ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നും പറഞ്ഞു. 2019 മാര്‍ച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ക്കിടയില്‍ ഒരു കാരണത്താല്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര എന്റെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ വരുകയും ഞാന്‍ എതിര്‍ത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാന്‍ തുടങ്ങകുയും ചെയ്തു. പരിഭ്രമിച്ച ഞാന്‍ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറുകയായിരുന്നു’

അതേസമയം രാജ് കുന്ദ്രയ്ക്കും സഹായി റയാന്‍ തോര്‍പ്പിനും കോടതി ഇന്നലെ ജാമ്യം നിഷേധിച്ചു. കുന്ദ്രയുടെ കസ്റ്റഡി കാലാവധി കോടതി രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഒരാഴ്ച്ചക്കിടെ ഇതുമൂന്നാംതവണയാണ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിവെക്കുന്നത്. കമ്പനിയിലെ നാലു ജീവനക്കാര്‍ കേസില്‍ സാക്ഷികളായി മാറിയത് കുന്ദ്രയ്ക്ക് തിരിച്ചടിയായി. മുംബൈ ഹൈക്കോടതിയും നേരത്തെ കുന്ദ്രയുടെ ജാമ്യ ഹര്‍ജി പിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ സഹായി റയാന്‍ തോര്‍പ്പും ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായി. കുന്ദ്രയുടെ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഹോട്ട് ആപ്പുകള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ബോളിവുഡ് സിനിമാ മോഹവുമായി മുംബൈയിലെത്തുന്ന യുവതി യുവാക്കളെയാണ് കുന്ദ്ര ഇരകളാക്കിയിരുന്നത്. കുന്ദ്രയ്ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Related posts