നിദ ഫാത്തിമ: മനുഷ്യത്വത്തിന് വേണ്ടി ഉയരുന്ന കുഞ്ഞുകൈകള്‍; നാളെയുടെ പ്രതീക്ഷ

‘കല്ലു കുത്തിയതായാലും ആണി കുത്തിയതായാലും ഒന്ന് ആശുപത്രിയില്‍ എത്തിച്ചുകൂടേ…? ‘ ഷെഹല ഷെറിന്റെ സഹപാഠിയായ ഏഴാംക്ലാസുകാരി കഴിഞ്ഞ ദിവസം ചോദിച്ച ഈ ചോദ്യത്തിന് ഒരു വാളിന്റെ മൂര്‍ച്ചയുണ്ട്, ആ വാള്‍ ആഴ്ന്നിറങ്ങുന്നത് മനസാക്ഷിയുള്ള ഓരോ മലയാളിയുടെയും നെഞ്ചകത്തേക്കും…ഷെഹലയുടെ കൂട്ടുകാരി നിദ ഫാത്തിമയാണ് അധ്യാപകരുടെ മനുഷ്യത്വ രഹിതമായ പ്രവൃത്തിയെപ്പറ്റി പൊതുസമൂഹത്തിന് മുന്നില്‍ വീറോടെ വിളിച്ചു പറഞ്ഞത്. കരുത്തുറ്റ ശബ്ദത്തില്‍ കൃത്യതയോടെ സംസാരിച്ച് നിദയെ നാളെയുടെ പ്രതീക്ഷയായാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഒന്നടങ്കം വാഴ്ത്തുന്നത്. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുട പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഈ കൊച്ചു പോരാളിയ്ക്ക് കയ്യടിക്കുന്നത്. പല പ്രൊഫൈലുകളുടെയും കവര്‍ ഫോട്ടോയായി നിദയുടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രം മാറിക്കഴിഞ്ഞു. ഫോട്ടോഗ്രാഫറായ ജോണ്‍സണ്‍ പട്ടവയല്‍ പകര്‍ത്തിയ ചിത്രമാണിത്. മൈസൂര്‍ബത്തേരി ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് എതിരെ വയനാട് ഒന്നടങ്കം തെരുവിലിറങ്ങിയ ദിവസങ്ങളിലൊന്നില്‍ ജോണ്‍സണ്‍ പകര്‍ത്തിയ ചിത്രമാണിത്. അന്ന് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രം രാഷ്ട്രീയ ബോധം നശിച്ചിട്ടില്ലാത്ത പുതുതലമുറയുടെ ഉദാഹരണമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു

share this post on...

Related posts