” വീട്ടില്‍ ഗര്‍ഭത്തിന്റെ, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം ലേബര്‍ റൂമിലേക്ക്… അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം… ” ; യുവ ഡോക്ടറുടെ രസകരമായ ക്ഷണക്കത്ത് വൈറല്‍… !!!

” വീട്ടില്‍ ഗര്‍ഭിണിയുടെ ആകുലതകള്‍, വാര്‍ഡില്‍ രോഗികളുടെ വ്യാകുലതകള്‍… വീട്ടില്‍ ഗര്‍ഭത്തിന്റെ ഛര്‍ദ്ദി, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം വാര്‍ഡില്‍ നിന്ന് ഓടി ലേബര്‍ റൂമിലേക്ക്… അതേ വേഷത്തില്‍, അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം! ”

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിനായൊരുങ്ങുകയാണ്…, സംഗമം ഒന്നും പുതുമയല്ല…. പക്ഷെ.. വ്യത്യസ്തത എന്തെന്നാല്‍.. ഇതിനായുള്ള ക്ഷണക്കത്താണ്. യുവ ഡോക്ടര്‍ ഷമീര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച ക്ഷണക്കത്താണ് എഴുത്തിലെ വ്യത്യസ്തത കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പി ജി ചെയ്തവര്‍ക്കായാണ് ഈ ഒത്തുചേരല്‍. ‘ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവര്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ഉപരിപഠനം ചെയ്യുന്നവര്‍ വരെ ഇവിടെ പി ജി ചെയ്തവരിലുണ്ട്. എല്ലാവരുടെയും ഫോണ്‍ നമ്പര്‍ അറിയില്ല. അറിഞ്ഞ എല്ലാവരും മറ്റുള്ളവരെയും അറിയിച്ച് ഇതൊരു നല്ല അനുഭവമാക്കി മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നു…’ എന്ന രീതിയിലാണ് കുറിപ്പിന്റെ അവസാനം.

പഠനം കഴിഞ്ഞിറങ്ങിയ ഒരു ഡോക്ടറുടെ എല്ലാതരം അനുഭവങ്ങളിലൂടെയുമാണ് അദ്ദേഹം തന്റെ ക്ഷണക്കത്തിനെ നയിക്കുന്നത്. ഈ കുറിപ്പ് വായിക്കുമ്പോള്‍ തന്നെ പഴയകാലങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നുള്ളതുറപ്പാണ്. ഭീതിയോടെ ഒരു നിപ്പാക്കാലം കടന്നുപോയിരുന്നു.. അന്നും ഷമീറിന്റെ എഴുത്ത് മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

READ MORE:  ” ചിക്കന്‍പോക്‌സ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… ”


ഷമീര്‍ പി കെയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പെണ്ണൊരുത്തി കൂടെ പൊറുക്കാന്‍ വരുന്നു. ഇനി സദാ സമയം വാര്‍ഡില്‍ പെറ്റു കിടന്നാല്‍ പറ്റില്ല. ഇടക്ക് വീട്ടില്‍ പോണം, ഓളെ ഇടക്കെങ്കിലും ഹൗസ് സര്‍ജന്‍സിക്ക് ഹോസ്പിറ്റലില്‍ കൊണ്ടാക്കണം… സ്‌റ്റൈപ്പന്റ് 6000 രൂപ, വീട്ടു വാടക 4000, ബാക്കി പലവിധ ചെലവ്… കാര്‍ ലോണെടുത്താല്‍ തിരിച്ചടവൊന്നും നടക്കില്ല, ജപ്തിയാവും. സുഹൃത്തിന്റെ ഐഡിയ, വിദ്യാഭ്യാസ ലോണ്‍, ഉടന്‍ തിരിച്ചടക്കേണ്ട. ബാങ്ക് മാനേജര്‍ ബഹുത് ഖുശി, ഡോക്ടര്‍മാര്‍ക്ക് ജോലി കിട്ടാതിരിക്കില്ല, തിരിച്ചടക്കാത്ത ചരിത്രമില്ല. ഒരു ലക്ഷം ലോണ്‍, 50,000 കല്യാണച്ചെലവിന്, 50,000 ന് ഒരു കാര്‍. ഒന്നല്ല, ഒന്നൊന്നര കാര്‍. മാരുതി ഏറ്റവും ആദ്യമായി നിരത്തിലറക്കിയ കാറുകളിലൊന്ന്, അതും ഒരു ഓട്ടണോമസ് കാര്‍ ( എപ്പോള്‍ സ്റ്റാര്‍ട്ട് ആകണം, എപ്പോള്‍ നില്‍ക്കണം എന്ന സ്വയം വിവേചനാധികാരം ഉള്ളത്).
(പി ജി കഴിഞ്ഞ് ജോലിയില്‍ കയറിയപ്പോള്‍ പൊതുജനാഭ്യര്‍ത്ഥന മാനിച്ച് ആ കാര്‍ മാറ്റേണ്ടി വന്നു, ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ! )

വിവാഹം കഴിഞ്ഞ ഉടന്‍ എന്തായിരിക്കും ഒരു ഡോക്ടറുടെ ശരാശരി സ്വപ്നം? ? സിംഗപ്പൂര്‍ ? കൊടൈക്കനാല്‍? മൂന്നാര്‍ …..? നിങ്ങള്‍ക്ക് തെറ്റി. വിവാഹം കഴിഞ്ഞ ഉടന്‍ പോസ്റ്റിംഗ് ഒരു പ്രത്യേക യൂണിറ്റില്‍ ആവല്ലേ ഈശ്വരാ എന്ന്. അവിടെ പോസ്റ്റ് ചെയ്ത പി ജിയുടെ മധുവും വിധുവുമെല്ലാം ആ വാര്‍ഡിനുള്ളില്‍ തന്നെ. ശ്വാസം വലിക്കാന്‍ അന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം, പിന്നെയല്ലേ സ്വപനം!!

ഒട്ടും പരിചയമില്ലാത്ത വാടക വീട്ടില്‍ ഭാര്യ, വാര്‍ഡിന്റെ സൈഡ് റൂമില്‍ ഭര്‍ത്താവ്. അന്ന് ചുവന്ന തക്കാളി, കണ്ണീരൊലിക്കുന്ന മുഖം തുടങ്ങിയ ഇമോജികള്‍ അയക്കാന്‍ തക്ക സ്മാര്‍ട്ട് ആയ ഫോണോ , ഫോണില്‍ വാട്‌സ് ആപ്പോ ഇല്ലാത്തതു കൊണ്ട് തത്സമയ ഇമോഷന്‍ വിവരണങ്ങള്‍ കാണേണ്ടി വന്നില്ല. സൈഡ് റൂമെന്നാല്‍ ഉറങ്ങാന്‍ വേണ്ടി പ്രത്യേകം സജ്ജീകരിച്ചതാണെന്ന് തെറ്റിദ്ധരിക്കരുത്. ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി റൂം. രാവിലെ മജ്ജ കുത്തിയതിന്റെ ബാക്കി പഞ്ഞി മുതല്‍ ഇടഎ നേരിട്ട് നോക്കി തീരുമാനിക്കാനുള്ള മൈക്രോസ്‌കോപ്പ്, വര്‍ഷങ്ങളായി മനുഷ്യ സ്പര്‍ശത്തിനായി കൊതിക്കുന്ന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ തുടങ്ങി ഒരു റൂമിനുള്‍ക്കൊള്ളാവുന്നതിലും എത്രയോ അധികം വസ്തുക്കള്‍. രാവിലെ ഇതേ മുറി ക്ലാസ് റൂമാകും, രോഗിയെ കിടത്തി പരിശോധിച്ച് ക്ലാസ്സ് എടുക്കേണ്ടുന്ന രീതി ആയതു കൊണ്ട് ഒരു കട്ടിലുമുണ്ട്. പകല്‍ ക്ലാസ്സെടുക്കാന്‍ മാറ്റപ്പെടുന്ന രോഗി അതില്‍ കിടക്കും. രാത്രി പിജിയും. ഒരു പച്ച വിരിയുണ്ട്. കൊതുകുകള്‍ വല്ലാതെ അക്രമാസക്തമാകുമ്പോള്‍ ഈ വിരി രാത്രി കൊതുകുവലയാകും. മറ്റൊരു യൂണിറ്റിന്റെ സൈഡ് റൂം ഇതിനേക്കാള്‍ വളരെ വ്യത്യസ്തം. അവിടെ കൂട്ട് കിടക്കാന്‍ പാമ്പുകളാണ്, യൂണിറ്റ് ചീഫിന്റെ പാമ്പ് കമ്പത്തില്‍ നിന്നും ഉണ്ടായ കളക്ഷന്‍, ഫോര്‍മാലിന്‍ നിറച്ച കുപ്പികളില്‍ അടച്ച പല തരം പാമ്പുകള്‍. ഉറക്കം ഞെട്ടി എണീറ്റാല്‍ തല ഭാഗത്ത് കാവല്‍ നില്‍ക്കുന്ന മൂര്‍ഖനെ ദര്‍ശിച്ച് സമാധാനത്തോടെ ഉറക്കം തുടരാം…

ലോകത്ത് ഏറ്റവും ബഹുമാനം തോന്നിയ ജനവിഭാഗങ്ങളിലൊന്നാണ് ഗര്‍ഭിണികളായ പി ജി കള്‍. നിറവയറും വെച്ചോണ്ട് നിലത്ത് കുനിഞ്ഞിരുന്ന് രോഗിയെ പരിശോധിക്കുന്നതിനോളം സ്ത്രീ മഹാത്മ്യം വേറെ എവിടെയാണ് കാണാന്‍ കഴിയുക. പ്രസവം കഴിഞ്ഞ് പിഞ്ചുകുഞ്ഞും ഡ്യൂട്ടിയും … എങ്ങനെയാണാവോ അവരൊക്കെ അതിജീവിച്ചത്. അതിനോട് താരതമ്യം അര്‍ഹിക്കുന്നില്ലെങ്കിലും ഭര്‍ഭിണിയായ ഭാര്യയുമായി ജീവിക്കുന്ന പുരുഷ പി ജിയും മഹാന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിക്കേണ്ടവര്‍ തന്നെ. വീട്ടില്‍ ഗര്‍ഭിണിയുടെ ആകുലതകള്‍, വാര്‍ഡില്‍ രോഗികളുടെ വ്യാകുലതകള്‍… വീട്ടില്‍ ഗര്‍ഭത്തിന്റെ ഛര്‍ദ്ദി, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം വാര്‍ഡില്‍ നിന്ന് ഓടി ലേബര്‍ റൂമിലേക്ക്… അതേ വേഷത്തില്‍, അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം!

ഇങ്ങനെ പ്രാരാബ്ദങ്ങളും പരിവട്ടങ്ങളും മാത്രമാണ് പി ജി ജീവിതം എന്ന് കരുതിയോ?

ഒരു ലംബാര്‍ പംക്ചര്‍ വിജയിക്കുമ്പോള്‍ സുന്ദരിമണിയായ ഹൗസ് സര്‍ജന്റെ ആരാധനകലര്‍ന്ന നോട്ടം…..

ജൂനിയര്‍ പി ജി പല തവണ ശ്രമിച്ചിട്ടും ഈസോഫാഗസില്‍ മാത്രം പോയ്‌ക്കൊണ്ടിരുന്ന എന്റോട്രക്കിയല്‍ ട്യൂബിനെ ഒരു ദോശ മറിച്ചിടുന്ന ലാഘവത്തോടെ ട്രക്കിയയിലേക്ക് വഴി തിരിച്ചു വിട്ട് മുഖത്ത് ഒരു ഭാവമാറ്റവും കാണിക്കാതെ മനസ്സില്‍ സേതുരാമയ്യര്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമിട്ട് ഒരു നടത്തം… (സാക്ഷിയായി രണ്ടു പേരും ഒരുമിച്ച് ഹരികൃഷ്ണന്‍സ് സ്‌റ്റൈലില്‍ ട്യൂണ്‍ ചെയ്യാന്‍ ശ്രമിക്കുന്ന ജൂഹി ചൗള കൂടി ഉണ്ടെങ്കില്‍!!! )

ഉഗ്രപ്രതാപിയായ യൂണിറ്റ് ചീഫിനെ കാണാന്‍ നറുക്ക് ലഭിച്ച രോഗി ഈ ഡോക്ടറാണ് വാര്‍ഡില്‍ എന്നെ നോക്കിയതെന്ന് പറഞ്ഞ് പി ജി യുടെ അടുത്തേക്ക് നീങ്ങുമ്പോള്‍ അയ്യോ ഞാന്‍ വെറും ശിശു എന്ന ഭാവം മുഖത്തും ഇയാള്‍ക്ക് അതു തന്നെ വേണമെന്ന് അകത്തും….

കാഷ്വാലിറ്റിയില്‍ മരിച്ച പോലെ കൊണ്ടുവന്ന ആളെ മണിക്കൂറുകള്‍ നീണ്ട റിസസിറ്റേഷനു ശേഷം ജീവന്‍ തിരിച്ചുകിട്ടി പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് വിടുമ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ഭാവത്തില്‍ ഒരു പുഞ്ചിരി….

പാതിരാത്രിയിലെ കട്ടന്‍ കാപ്പി…
ഹൗസ് സര്‍ജന്‍മാരുടെ പോസ്റ്റിംഗ് കഴിയുമ്പോളുള്ള പാര്‍ട്ടി….
തട്ടോംപ്ലൈറ്റ്….
പരദൂഷണ സമ്മേളനമാകുന്ന കംബൈന്‍ഡ് സ്റ്റഡികള്‍…
ഇങ്ങനെ ഓര്‍ത്തിരിക്കാനും ഓമനിക്കാനും ഒട്ടനവധി മധുര നിമിഷങ്ങള്‍…

അയവിറക്കാനും പങ്കുവെക്കാനും പഴയ ഗുരുക്കന്‍മാരോടൊത്തു കൂടാനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിനില്‍ പി ജി ചെയ്ത എല്ലാവര്‍ക്കും ഒരു അവസരം ഒത്തുവരുന്നു. ജനുവരി 12 വൈകുന്നേരം 6.30ന് മെഡിക്കല്‍ കോളേജ് ക്യാംപസില്‍ വെച്ച്. വളരെ പഴയ കോളേജിലെ വളരെ പഴയ ഡിപ്പാര്‍ട്ട്‌മെന്റാണ്. ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവര്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ഉപരിപഠനം ചെയ്യുന്നവര്‍ വരെ ഇവിടെ പി ജി ചെയ്തവരിലുണ്ട്. എല്ലാവരുടെയും ഫോണ്‍ നമ്പര്‍ അറിയില്ല. അറിഞ്ഞ എല്ലാവരും മറ്റുള്ളവരെയും അറിയിച്ച് ഇതൊരു നല്ല അനുഭവമാക്കി മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നു…


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts