ഷെയ്ന്‍ വിഷയം: ഒത്തുതീര്‍പ്പ് ചര്‍ച്ച അടുത്ത തിങ്കളാഴ്ച

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് നീക്കുന്നതിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും. താരസംഘടനയായ അമ്മയുടേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. ‘ഉല്ലാസം’ സിനിമ ഷെയ്ന്‍ ഡബ് ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.
ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിയുടെ ഡബ്ബിംഗ് ജോലികള്‍ കഴിഞ്ഞ ദിവസം ഷെയിന്‍ നിഗം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെയിന്‍ നിഗവുമായുള്ള തര്‍ക്കം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഷെയിന്‍ നിഗം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പാതിവഴിയില്‍ മുടങ്ങുകയും ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തായാക്കാതിരിക്കുകയും ചെയ്തതോടെയാണ് ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്.തുടര്‍ന്ന് രണ്ടു ചിത്രങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണെന്നും ഇതിനു ചിലവായ തുക ഷെയിന്‍ നല്‍കണമെന്നും ഷെയിന്‍ നിഗമിനെ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടെന്നും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് താരസംഘടനയായ അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയും ഇടപെട്ട് ഒത്തു തീര്‍പ്പ് ചര്‍ച ആരംഭിച്ചിരുന്നു. ഇതിനിടയില്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് ചോദ്യങ്ങള്‍ക്ക് മറുപടിയായി നിര്‍മാതാക്കള്‍ക്ക് മനോ വിഷമമാണോ അതോ മനോരോഗമാണോയെന്ന തരത്തില്‍ പരമാര്‍ശം നടത്തിയത് വീണ്ടും വിവാദമാകുകയും ഇനി ഷെയിന്‍ നിഗമുമായ ചര്‍ച്ചയക്കില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഷെയിന്‍ നിഗം ഫേസ് ബുക്ക് പോസ്റ്റിലൂടെ ഖേദ പ്രകടനം നടത്തിയെങ്കിലും ഇത് അംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയാറായിരുന്നില്ല.തുടര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ സംഘടനയക്കും ഷെയിന്‍ കത്ത് അയച്ചിരുന്നു. എന്നാല്‍ താരസംഘടനയായ അമ്മ ഉറപ്പു നല്‍കിയാല്‍ മാത്രമെ ഷെയിന്റെ കാര്യത്തില്‍ ചര്‍ച്ചയുള്ളുവെന്നും ആദ്യം അദ്ദേഹം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തായാക്കട്ടെയെന്നും എന്നിട്ട് മറ്റു കാര്യങ്ങളില്‍ ചര്‍ചയാകാമെന്നുംനിര്‍മാതാക്കള്‍ നിലപാടെടുത്തിരുന്നു.
തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുകയും ഷെയിന്‍ നിഗമിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങും പാതിവഴിയില്‍ മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അമ്മ സംഘടന ആവശ്യപ്പെട്ടു. ഇതംഗീകരിച്ച ഷെയിന്‍ ഉല്ലാസത്തിന്റെ ഡബ്ബിംഗ് ആരംഭിക്കുകയും കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. അമ്മയുടെ ഭാരവാഹികളും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ അടുത്ത ദിവസം ചര്‍ച്ച നടക്കുമെന്നാണ് വിവരം. ഇതിനു ശേഷമായിരിക്കും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് വിഷയത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുകയെന്നാണ് വിവരം.

share this post on...

Related posts