കാസ്റ്റിങ് കോളിലൂടെയുള്ള ലൈംഗിക ചൂഷണവും; തട്ടിപ്പും തടയാന്‍ ഫെഫ്ക

കൊച്ചി: ഓഡിഷന്റെ പേരിലും കാസ്റ്റിങ് കോളിലൂടെയും നടക്കുന്ന ലൈംഗിക ചൂഷണവും, തട്ടിപ്പും തടയാന്‍ ഫെഫ്ക തുടങ്ങിയ സംവിധാനത്തിനെതിരെ ഫിലിം ചേംബര്‍. കാസ്റ്റിങ് കോളും, ഓഡിഷനും സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയാണെന്നും ഇതിന്റെ പ്രാഥമിക ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. സംവിധായകനെയും സാങ്കേതിക പ്രവര്‍ത്തകരെയും നിശ്ചയിക്കുന്നതിന് മുമ്പ് നിര്‍മാതാവ് ടൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തുന്നതും പ്രൊജക്ട് സമര്‍പ്പിക്കുന്നതും ഫിലിം ചേംബറിലാണ്. അതിനാല്‍ കാസ്റ്റിങ്കോളിലും ഓഡിഷനിലും സുതാര്യത ഉറപ്പാക്കാനും, കൃത്യത ഉറപ്പാക്കാനും ചേംബര്‍ ഇക്കാര്യം ഏറ്റെടുക്കും. ടൈറ്റില്‍ രജിസ്ട്രേഷന് പ്രൊജക്ട് സമര്‍പ്പിക്കുമ്പോള്‍ നിര്‍മാതാവ് നല്‍കുന്ന അഫിഡവിറ്റിനൊപ്പം കാസ്റ്റിങ് കോളും, ഓഡിഷനും ചേംബറിനെ അറിയിക്കാമെന്ന സമ്മത പത്രവും ഇനി മുതല്‍ നല്‍കണം. എവിടെ വച്ചാണ് ഓഡിഷന്‍, തിയതി, സമയം എന്നിവ ഉള്‍പ്പെടെ യഥാസമയം ഫിലിം ചേംബറിനെ നിര്‍മാതാവ് രേഖാമൂലം അറിയിക്കണമെന്നാണ് തീരുമാനം. നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ട സംഘം അറസ്റ്റിലായതിന് പിന്നാലെയാണ് വ്യാജ ഓഡിഷനും കാസ്റ്റിങ് കോളും തടയാന്‍ താരസംഘടന അമ്മയും ഫെഫ്കയും തീരുമാനിച്ചത്.

Related posts