കൊച്ചി കായലിൽ മുത്തമിട്ട് ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലിൽ മുത്തമിട്ടു. മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഇന്നലെ രാവിലെ മാലദ്വീപിൽ നിന്നു പറന്നുയർന്ന സീപ്ലെയിന്‍ ഉച്ചയ്ക്കു 12.45നാണു കൊച്ചി കായലില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാൻ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആ‍യിരുന്നു ഇത്. തുടർന്നു നേവല്‍ ബേസിലെ ജെട്ടിയിൽ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയിൽ നിന്നുള്ള വരവിൽ ഇന്ത്യയിൽ ആദ്യമായി ലാൻഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാൽ, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേർന്നു സ്വീകരിച്ചു. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ്‌ള ആശംസകൾ അർപ്പിച്ചു. കൊച്ചി നാവിക സേനാ ആസ്ഥാനത്തു നിന്നു മുൻകാലത്ത് ജലവിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. 1953 ഫെബ്രുവരി നാലിനു നാവിക സേനയുടെ തന്നെ ഒരു സീലാൻഡ് എയർക്രാഫ്റ്റ് വെണ്ടുരുത്തി കായലിൽ ഇറങ്ങിയിട്ടുണ്ടെന്നു ക്യാപ്റ്റൻ ശ്രീധർ വാര്യർ അറിയിച്ചു.മാലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു രാവിലെ 7.20നു പുറപ്പെട്ട ജലവിമാനം മൂന്നു മണിക്കൂറിനു ശേഷം രാവിലെ 10നു മാലിയിലെ തന്നെ ഹനിമാധി വിമാനത്താവളത്തിൽ ഇറങ്ങി ഇന്ധനം നിറച്ചിരുന്നു. കൊച്ചിയിൽ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയി‌ലെ മാൻഡോവി നദിയിൽ ഇറങ്ങുന്ന സീ പ്ലെയിൻ പുലർച്ചെ അവിടെ നിന്നു പുറപ്പെട്ട് ഇന്ന് സബർമതിയിലെത്തും. ഒക്റ്റോബര്‍ 31 നാണ് ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ ആരംഭിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും. 19 സീറ്റുള്ള വിമാനത്തിൽ 12 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം.പ്രതിദിനം എട്ടു സര്‍വീസുകൾ നടത്തും.

Related posts