ശബരിമല നട നാളെ തുറക്കും; യുവതികളെത്തിയാല്‍ തടയുമെന്ന് കര്‍മസമിതി


സന്നിധാനം: ശബരിമല ഉത്സവത്തിനായി തിങ്കളാഴ്ച നട തുറക്കാനിരിക്കെ യുവതികള്‍ എത്തിയാല്‍ തടയുമെന്ന കര്‍ശന നിലപാടില്‍ കര്‍മസമിതി. എന്നാല്‍, ഉത്സവ നാളുകളില്‍ യുവതികള്‍ എത്താന്‍ സാധ്യതയില്ലെന്നും അതില്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ ആവശ്യമില്ലെന്നും രഹസ്യാന്വേഷണ വിഭാഗം. ഇതനുസരിച്ച് കര്‍ശനസന്നാഹങ്ങള്‍ ഒരുക്കേണ്ടന്ന തീരുമാനത്തിലാണ് പൊലീസ്. ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ ഇപ്പോഴും നിലവിലുണ്ട്. അന്തിമ തീരുമാനമായില്ല.
സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 300 പൊലീസുകാരെ മാത്രമാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഉത്സവം. യുവതികള്‍ എത്തില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടലെങ്കിലും, പരിശോധനയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം. മണ്ഡല-മകരവിളക്കുകാലത്തെ പോലെ തന്നെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് നിരീക്ഷണം നടത്തുമെന്നും കര്‍മ്മസമിതി പറയുന്നു. അതേസമയം ചില സംഘടനകള്‍ പ്രകോപനം സൃഷ്ടിക്കുമെന്നുള്ള പ്രചരണം വ്യാപകമാണ്. യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് ചില ആക്റ്റിവിസ്റ്റുകളും മാവോവാദി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്നാണ് കര്‍മസമിതി കരുതുന്നത്.
സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സന്നിധാനത്തും, പമ്പയിലും നിലയ്ക്കലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല തുടര്‍ന്നും നല്‍കും. യുവതികളെ കയറ്റാനുള്ള ശ്രമമുണ്ടാവുകയും പ്രതിഷേധം കൈവിട്ടുപോവുന്ന നില വരികയും ചെയ്താല്‍ കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കാനാണ് ആലോചന.
മണ്ഡലകാലത്തെപോലെതന്നെ പമ്പ മുതല്‍ സന്നിധാനം വരെ ആചാരലംഘനം തടയുന്നതിന് കര്‍മ്മസമിതി പ്രവര്‍ത്തകരുണ്ടാകുമെന്നാണ് ശബരിമല കര്‍മ്മസമിതി കണ്‍വീനര്‍ ഇ.എസ്.ബിജു അറിയിച്ചത്. അതേസമയം, ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കാതിരിക്കാനാവില്ലെന്ന് പൊലീസും വ്യക്തമാക്കി. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ ആവശ്യമായ സുരക്ഷ നല്‍കും. പത്താം തീയതി മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കുമെന്ന് പത്തനംതിട്ട എസ്പി ജി.ജയദേവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉത്സവകാലത്ത് വലിയ പ്രകോപനം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, ആവശ്യമെങ്കില്‍ മാത്രം കൂടുതല്‍ സേനയെ നിയോഗിച്ചാല്‍ മതിയെന്നും മറ്റുപ്രചാരണങ്ങളില്‍ കുടുങ്ങേണ്ടതില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. യുവതികളെത്തിയാല്‍ കര്‍മസമിതി തടയുകയും വീണ്ടും സംഘര്‍ഷസമാനമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്താല്‍ വരുമാനം വീണ്ടും ഇടിയുമെന്ന ആശങ്ക ദേവസ്വം ബോര്‍ഡിനും ഉണ്ട്. സുഗമമായ തീര്‍ഥാടനത്തിന് സൗകര്യമൊരുക്കണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിട്ടുണ്ട്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts