ശബരിമല നട ഇന്നു തുറക്കും: കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും. യുവതി പ്രവേശവുമായി ബന്ധപ്പെട്ടു കര്‍ശന സുരക്ഷയാണു പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമാസ പൂജകള്‍ കഴിഞ്ഞ് ഫെബ്രുവരി 17 ന് നട അടയ്ക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സുരക്ഷയ്ക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 475 പൊലീസുകാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുന്‍പ് ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 50 ല്‍ താഴെ പൊലീസുകാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കുന്നത് ഒരോ എസ്പിമാരുടെ നേതൃത്വത്തിലാണ്. സന്നിധാനത്ത് വി.അജിത്തിനും പമ്പയില്‍ എച്ച്.മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണു ചുമതല. അഞ്ചു ദിവസം ദര്‍ശനം ഉണ്ടാകുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് കണ്ടതിനേക്കാള്‍ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുണ്ടെന്നാണു പൊലീസ് നിഗമനം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ‘നവോത്ഥനകേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്മ ദര്‍ശനത്തിനായി ഇനിയും യുവതികളെ എത്തിക്കുമെന്നാണ് സൂചന. രാവിലെ പത്തു മണിയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകരെയും മാധ്യമ പ്രവര്‍ത്തകരെയും നിലയ്ക്കലില്‍ നിന്ന് കടത്തിവിടാന്‍ തുടങ്ങിയത്. ഇത്തവണയും പാര്‍ക്കിങ് സൗകര്യം നിലയ്ക്കലിലാണ്. തീര്‍ത്ഥാടകര്‍ക്കായി ഇവിടെ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts