‘എന്റെ കൈക്കുഞ്ഞിനെ പട്ടാളക്കാര്‍ തീയില്‍ എറിഞ്ഞുകൊന്നു. എന്നെ കൂട്ടബലാത്സംഗം ചെയ്തു’; രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നേരിടുന്നത് ക്രൂരമായ അതിക്രമങ്ങള്‍

rohingya

rohingya

 

മ്യാന്മറില്‍ രോഹിങ്ക്യകള്‍ നേരിടുന്നത് ഗുരുതരമായ വംശീയ ഉന്മൂലനവും അതിക്രമവുമെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെയും പുരുഷന്മാരെയും മ്യാന്മര്‍ പട്ടാളം കൊന്നൊടുക്കുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും തുടരുകയാണെന്ന് അമേരിക്കന്‍ ദിനപത്രം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഹിങ്ക്യന്‍ തീവ്രവാദ സംഘടനകളെ തുരത്തുന്നതിനുള്ള സൈനിക നടപടി എന്ന നിലയിലാണ് മ്യാന്മര്‍ പട്ടാളം സാധാരണക്കാരെ കൊന്നൊടുക്കുന്നതെന്നാണ് അഭയാര്‍ഥികള്‍ പറയുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക് അനുസരിച്ച് 1000 രോഹിങ്ക്യകളെങ്കിലും പട്ടാളക്കാരുടെ അതിക്രമത്തിന് ഇരയായിട്ടുണ്ട്.

രാജുമ എന്ന രോഹിങ്ക്യന്‍ അഭയാര്‍ഥിക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായത് മ്യാന്മര്‍ സൈന്യത്തിന്റെ പട്ടാളനീക്കത്തിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പേരെ സൈന്യം തോക്കിന്‍ മുനയില്‍ നിര്‍ത്തി. അതില്‍ നിന്ന് കൈക്കുഞ്ഞുമായി നിന്ന രാജുമയെ വിളിപ്പിച്ചു. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി തീയില്‍ എറിഞ്ഞു – ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂട്ടബലാത്സംഗത്തിന് ഇരയായ രാജുമയ്ക്ക് ഉടുക്കാന്‍ വസ്ത്രംപോലും ഉണ്ടായിരുന്നില്ല. ശവശരീരങ്ങള്‍ക്ക് ഇടയിലൂടെ ഓടുകയായിരുന്നു അവര്‍. വഴിയില്‍ ഒരിടത്ത് നിന്ന് കിട്ടിയ ഒരു പഴയ ടീ-ഷര്‍ട്ട് ആണ് അഭയാര്‍ഥി ക്യാമ്പിലെത്തുന്നതുവരെ അവര്‍ ധരിച്ചിരുന്നത്.അതിഭീകരമായ വംശഹത്യയാണ് മ്യാന്മറില്‍ നടക്കുന്നതെന്നും ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമായ മ്യാന്മറില്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് ക്രൂരതകള്‍ തുടരുന്നതെന്നും പത്രം ആരോപിക്കുന്നു.

Related posts