ഗര്‍ഭധാരണത്തിനു ശേഷം മുടികൊഴിയുന്നുണ്ടോ

 

 

 

കുഞ്ഞുണ്ടായതിനു ശേഷം മുടികൊഴിച്ചില്‍ കൂടുതലായി എന്ന് മിക്ക അമ്മമാരും പറഞ്ഞു കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണ്. ഗര്‍ഭിണിയായ സമയത്ത തഴച്ചു വളര്‍ന്ന മുടി പ്രസവശേഷം കൊഴിഞ്ഞു പോയ അനുഭവം മിക്കവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ശരീരത്തിലുള്ള ഈസ്ട്രജന്റെ കൂടിയ അളവാണ് ഇതിന് കാരണം. അതുകൊണ്ടു മുടിയുടെ വളര്‍ച്ച നില്‍ക്കുകയും ഉള്ള മുടിയുടെ ബലം വര്‍ധിക്കുകയുംചെയ്യും. അങ്ങനെ കൊഴിയേണ്ട മുടികള്‍ തലയോട്ടിയില്‍ തന്നെ നിലനില്‍ക്കുന്നു.
മുടികൊഴിച്ചിലിനെപ്പറ്റി വേവലാതിപ്പെടുന്നവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ :

1 )ധാതുക്കള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കാം

വൈറ്റമിന്‍സ്, അയണ്‍, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവാണു പലപ്പോഴും മുടികൊഴിച്ചിലിനു കാരണമാവുന്നത്. മുടികൊഴിച്ചില്‍ കുറക്കാന്‍ സഹായിക്കുന്ന പോഷകങ്ങളാണ് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്‌സ് എന്നിവ. സോയ, തവിടു കളയാത്ത ധാന്യങ്ങള്‍, ഓറഞ്ച്, മുളപ്പിച്ച പയര്‍, അണ്ടിപ്പരിപ്പ്, ഗ്രീന്‍ പീസ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക. പതിവായി സംഭാരം കഴിക്കുന്നത് വളരെ ഫലം ചെയ്യും.

2 )കുറച്ചുനാള്‍ മുടിയെ വെറുതെ വിടാം

മുടി സ്‌റ്റൈലാക്കുന്നത് കഴിവതും ഒഴിവാക്കാം. അല്ലെങ്കില്‍ നിങ്ങള്‍ മുടിക്ക് കേടുവരുത്തുകയാണ് ചെയ്യുന്നത്. കേര്‍ലിങ് അയണും സ്‌ട്രൈറ്റ്‌നറും ഒക്കെ തത്ക്കാലം ഉപേക്ഷിക്കാം. ഇവയൊക്കെ മുടിയുടെ വേരുകള്‍ ചൂടാക്കുകയും മുടികൊഴിച്ചിലിന് ആക്കം കൂട്ടുകയും ചെയ്യും.
പിന്നെ ഹെയര്‍ കളറിന്റെ കാര്യം പറയണ്ടല്ലോ! തല്‍ക്കാലം മറക്കുകയല്ലാതെ നിവൃത്തിയില്ല.

3) മസ്സാജ് ചെയ്യുന്നത് പതിവാക്കാം

മസ്സാജ് ചെയ്യുന്നത് രക്ത ചംക്രമണത്തിനു വളരെ നല്ലതാണ്. എണ്ണ പാകത്തിന് ചൂടാക്കി വേണം തലയോട്ടിയില്‍ പുരട്ടാന്‍. ശരീരവും മനസ്സും ശാന്തമാക്കാനും മസ്സാജ് ചെയ്യുന്നത് സഹായിക്കും.

4)പ്രകൃതിദത്ത ഉത്പന്നങ്ങളെ കൂട്ടുകാരാകാം

മുടിയിഴകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് കയ്യോന്നിക്കുള്ള (ബ്രിങ്കരാജ് ) കഴിവ് പ്രസിദ്ധമാണ്. ബലം നഷ്ട്ടപെട്ട മുടിയിഴകളെ അത് വേരുമുതല്‍ കരുത്തുറ്റതാക്കുന്നു. കയ്യോന്നിയുടെ ഇല പേസ്റ്റ് പരുവത്തിലാക്കി നേരിട്ട് തലയോട്ടിയില്‍ പുരട്ടാം. അല്ലെങ്കില്‍ ഉണക്കി പൊടിച്ചു തേനും പാലും ചേര്‍ത്ത് കഴിക്കുകയും ആവാം.

5) മുടിക്കിണങ്ങുന്ന ഷാംപൂ ശരിയായി തിരഞ്ഞെടുക്കുക

ശരിയായ അളവില്‍ കെരാറ്റിനും ബയോട്ടിനും അടങ്ങിയ ഷാംപൂ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.അങ്ങനെ നഷ്ട്ടമായ മുടി വീണ്ടെടുക്കാം.

share this post on...

Related posts