‘ മല കയറിയത് ആക്ടിവിസം തെളിയിക്കാനല്ല.., തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും ‘ -രഹ്ന ഫാത്തിമ

37161457_2118389325039584_1443168548292657152_n

കൊച്ചി: സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ. തന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവര്‍ അവിടെയുള്ളിടത്തോളം ഇനി താന്‍ ശബരിമലയിലേക്കില്ലെന്നും രഹ്ന ഫാത്തിമ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയില്‍ ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയത്. സ്ത്രീകള്‍ കയറുന്നത് അശുദ്ധിയാണെന്ന് തന്ത്രി ഉള്‍പ്പടെ പറയുന്നുവെന്നും രഹ്ന കുറ്റപ്പെടുത്തി.

ശബരിമല കയറുന്നതിന് മുന്‍പ് കളക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നല്‍കുമെന്ന ഉറപ്പിലാണ് പമ്പയിലെത്തിയതെന്നും രഹ്ന വ്യക്തമാക്കി. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് ഒരു പരിചയവുമില്ല. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ല. സമാനചിന്താഗതിയായതിനാല്‍ ഫെയ്‌സ്ബുക്കില്‍ ടാഗ് അഭ്യര്‍ത്ഥന വന്നപ്പോള്‍ താന്‍ സ്വീകരിക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ അറിഞ്ഞ് കൊണ്ട് തന്നെ പോസ്റ്റില്‍ ഉള്‍പ്പെടുത്തി എന്ന് വിചാരിക്കുന്നില്ലെന്നും രഹ്ന പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തല്‍ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെത്തുടര്‍ന്നു തിരികെ പോരേണ്ടി വന്നിരുന്നു. രഹാന ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രനുമായി ഗൂഡാലോചന നടത്തിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണം കെ സുരേന്ദ്രനും നിഷേധിച്ചു. രഹ്ന ഫാത്തിമ ആരെന്ന് എല്ലാവര്‍ക്കും അറിയാം. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

share this post on...

Related posts