വിന്റേജ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായി

വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായതായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനോടകം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് പഴയ നമ്പര്‍ നിലനിര്‍ത്തുകയും, പുതിയ രജിസ്‌ട്രേഷനുകള്‍ക്കായി ”വിഎ” സീരീസ് (സമര്‍പ്പിത രജിസ്‌ട്രേഷന്‍ മാര്‍ക്ക്) ആരംഭിക്കുന്നതിനുമൊപ്പം പുതിയ നിയമങ്ങള്‍ തടസ്സരഹിതമായ പ്രക്രിയ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം സിഎംവിആര്‍ 1989 ഭേദഗതി ചെയ്തു. ഭേദഗതിയുടെ പ്രധാന സവിശേഷതകള്‍ ഇനിപ്പറയുന്നു :

1) 50 വര്‍ഷത്തിലധികം പഴക്കമുള്ളതും, അവയുടെ യഥാര്‍ത്ഥ രൂപത്തില്‍ പരിപാലിക്കുകയും, കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകാതിരിക്കുകയും ചെയ്ത എല്ലാ ഇരുചക്ര-നാലുചക്ര വാഹനങ്ങളും വിന്റേജ് മോട്ടോര്‍ വാഹനങ്ങളുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടും.

2) രജിസ്‌ട്രേഷന്‍ / റീ-രജിസ്‌ട്രേഷനുള്ള അപേക്ഷ, ഫോം 20 പ്രകാരം അനുവദിക്കും. ഇന്‍ഷുറന്‍സ് പോളിസി, ഫീസ്, ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രവേശന ബില്‍, ഇന്ത്യയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനത്തിന്റെ പഴയ ആര്‍സി ബുക്ക് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

3) ഫോം 23 എ പ്രകാരം 60 ദിവസത്തിനുള്ളില്‍ സ്റ്റേറ്റ് രജിസ്റ്ററിംഗ് അതോറിറ്റി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

4) ഇതിനോടകം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അവയുടെ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നിലനിര്‍ത്താന്‍ കഴിയും. പുതിയ രജിസ്‌ട്രേഷനുള്ള രജിസ്‌ട്രേഷന്‍ മാര്‍ക്ക് ആയി ‘XX VA YY 8” ഉപയോഗിക്കും. VA എന്നത് വിന്റേജ്-നെ സൂചിപ്പിക്കുന്നു. XX എന്നത് സംസ്ഥാന കോഡും, YY എന്നത് രണ്ട് അക്ഷരങ്ങളുടെ ശ്രേണിയും, ‘8” എന്നത് സംസ്ഥാന രജിസ്റ്ററിംഗ് അതോറിറ്റി അനുവദിക്കുന്ന 0001 മുതല്‍ 9999 വരെയുള്ള ഏതെങ്കിലും ഒരു സംഖ്യയുമായിരിക്കും.

5) പുതിയ രജിസ്‌ട്രേഷന് 20,000 രൂപയും, റീ-രജിസ്‌ട്രേഷന് 5,000 രൂപയും ഫീസ് ഈടാക്കും.

6) പതിവ് / വാണിജ്യ ആവശ്യങ്ങള്‍ക്കായി വിന്റേജ് മോട്ടോര്‍ വാഹനങ്ങള്‍ റോഡുകളില്‍ ഓടിക്കാന്‍ പാടില്ല.

Related posts