പ്രതീക്ഷകളുടെ ചാന്ദ്രപകല്‍ അസ്തമിച്ചു; വിക്രം ലാന്‍ഡര്‍ നഷ്ടമായി

ബംഗലുരു: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ലാന്‍ഡറിന് ഇസ്രോ കണക്കാക്കിയ ആയുസ്സ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് അവസാനിച്ചു.
ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ ഇന്നലെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക് സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ നടത്തുന്ന ശ്രമങ്ങളും അവസാനിക്കും. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രദിനം) ആയുസ്സ് കണക്കാക്കിയിരുന്നത്.
വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്‌റോ തീവ്രശ്രമം നടത്തിയിരുന്നു. ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാന്‍ഡറിലെ ആന്റിനയുടെയും ട്രാന്‍സ്‌പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്‌റോ കേന്ദ്രമായ ഇസ്ട്രാക്കില്‍ നടന്നത്. ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റര്‍ ആന്റിനയുടെ സഹായത്തോടെ ലാന്‍ഡറിനു സ്വീകരിക്കാന്‍ പാകത്തിലുള്ള ഫ്രീക്വന്‍സിയിലുള്ള വിവിധ കമാന്‍ഡുകളും അയച്ചു. എന്നാല്‍ ഫലം കണ്ടില്ല.
ചന്ദ്രയാന്‍-2 ദൗത്യത്തിന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ഇ സ്‌റോ നന്ദി രേഖപ്പെടുത്തി. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്‌റോ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചു.
ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുന്നതിനു മുന്‍പ് വിക്രം ലാന്‍ഡര്‍ നിയന്ത്രണം വിട്ടത് ഏതാണ്ട് 500 മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണെന്നാണു നിഗമനം. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ഒപ്ടിക്കല്‍ ദൃശ്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ഓര്‍ബിറ്ററിലെ ഒഎച്ച്ആര്‍സി ക്യാമറ പകര്‍ത്തിയ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒയ്ക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങള്‍ കൂടി പകര്‍ത്തിയത്. ഇവ രണ്ടും ഐഎസ്ആര്‍ഒയുടെ വിദഗ്ധസംഘം സൂക്ഷ്മമായി വിശകലനം ചെയ്തു. നിശ്ചയിച്ച ലാന്‍ഡിങ് പോയിന്റില്‍ നിന്ന് 750 മീറ്ററോളം അകലെയാണു വിക്രം പതിച്ചതെന്നാണ് ഒടുവിലത്തെ സൂചന.
വീഴ്ചയില്‍ ലാന്‍ഡര്‍ പൊട്ടാതിരുന്നതു ചന്ദ്രോപരിതലത്തിനു തൊട്ടടുത്തെത്തിയിട്ടാണു നിയന്ത്രണം നഷ്ടമായത് എന്നതിന്റെ തെളിവാണ്. ലാന്‍ഡറിന്റെ പ്രധാന ഘടകങ്ങളെല്ലാം ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം, സൂക്ഷ്മമായ സെന്‍സറുകളും ബാറ്ററികളും മറ്റും വീഴ്ചയുടെ ശക്തിയില്‍ ഇളകാനും സ്ഥാനം മാറാനും ഇടയുണ്ട്. ആശയവിനിമയം നിലയ്ക്കാന്‍ കാരണം ഇതാകാമെന്നാണു നിഗമനം. ലാന്‍ഡര്‍ സ്വയം പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യത കുറവാണ്. അതേസമയം, അവസാന നിമിഷം നിയന്ത്രണം നഷ്ടമായതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
പുതിയ ലാന്‍ഡര്‍ മാത്രമായി വിക്ഷേപിച്ചേക്കും.

ഒരിക്കല്‍ പ്രശസ്തമായിരുന്ന പുരാതന തുറമുഖ പട്ടണം… ഇന്ന് അതിന്റെ ശേഷിപ്പുകളുമായി സഞ്ചാരികളെ കാത്ത്
ദൗത്യത്തില്‍ പരാജയപ്പെട്ട ലാന്‍ഡറിനു പകരം പുതിയ ലാന്‍ഡര്‍ മാത്രം വിക്ഷേപിക്കാനുള്ള ഐഎസ്ആര്‍ഒ സാധ്യത തേടി. ഓര്‍ബിറ്റര്‍ അടുത്ത 7 വര്‍ഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുമെന്ന് ഉറപ്പുള്ളതിനാലാണു ലാന്‍ഡര്‍ മാത്രം ചന്ദ്രനിലെത്തിക്കാനുള്ള ആലോചന.
ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടതിന്റെ വിശകലന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമചര്‍ച്ച നടക്കും. പരാജയത്തിനിടയാക്കിയ ഘടകങ്ങള്‍ മറികടക്കാന്‍ ലാന്‍ഡറിന്റെ രൂപകല്‍പനയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തേണ്ടിവരും. ഇടിച്ചിറങ്ങേണ്ടി വന്നാലും ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതയും ചര്‍ച്ചകളിലുണ്ട്. ലാന്‍ഡര്‍ മാത്രമാണ് അയയ്ക്കുന്നതെങ്കില്‍ വിക്ഷേപണമുള്‍പ്പെടെ ചെലവു കുറയ്ക്കാനാകും. 1498 കിലോഗ്രാമാണു ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറും റോവറും ചേര്‍ന്നുള്ള ഭാരം. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു ചന്ദ്രനിലെത്താനുള്ള ഇന്ധനം കൂടി ലാന്‍ഡറില്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നാലും ഓര്‍ബിറ്ററിന്റെ 2379 കിലോ ഒഴിവാക്കാം.
എഫ്എസിയുടെ റിപ്പോര്‍ട്ടിനു ശേഷം പുതിയ പദ്ധതിയുടെ ഡിസൈന്‍, സാമ്പത്തിക ചെലവ് എന്നിവയുടെ റിപ്പോര്‍ട്ട് പരിഗണനയ്ക്കായി തയാറാക്കുമെന്നാണു സൂചന. ഇതു കേന്ദ്രം അംഗീകരിച്ചാല്‍ ദൗത്യത്തിനുള്ള ഒരുക്കം തുടങ്ങും. ജപ്പാന്റെ സഹകരണത്തോടെ 2024 ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ രൂപകല്‍പനയും ഈ പദ്ധതി വന്നാല്‍ മാറിയേക്കാം.

share this post on...

Related posts