ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രത നിര്‍ദേശം, നാളെയും റെഡ് അലര്‍ട്ട്

കൊച്ചി/തിരുവനന്തപുരം: ന്യുനമര്‍ദത്തെ തുടര്‍ന്നുള്ള മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഏഴു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നിവടങ്ങളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് എറണാകുളമടക്കമുള്ള ജില്ലകളില്‍ ജനജീവിതം സ്തംഭിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് തോരാമഴയില്‍ ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.
ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ കനത്ത മഴ പെയ്തത് പോളിംഗ് ശതമാനം കുത്തനെ കുറയാന്‍ വഴി വയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. പല തീവണ്ടികളും റദ്ദാക്കുകയോ പകുതി വഴിക്ക് യാത്ര നിര്‍ത്തുകയോ ചെയ്തു. കനത്ത മഴയുടെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. നീരൊഴുക്ക് കൂടിയതിനാല്‍, നെയ്യാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ ട്രാക്കില്‍ വെള്ളം കയറി. അതുകൊണ്ടുതന്നെ, ഇരു സ്റ്റേഷനുകള്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. ദീര്‍ഘദൂരട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയോടുകയാണ്. പിറവം – വൈക്കം ഭാഗത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു.

  • തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ആലപ്പുഴയില്‍ സര്‍വീസ് അവസാനിപ്പിച്ചു
  • തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി
  • 56384 ആലപ്പുഴ – എറണാകുളം, 56381 – എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 – എറണാകുളം – കായംകുളം, 56388 – കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്
  • വേണാട് എക്‌സ്പ്രസ് – (തിരുവനന്തപുരം – ഷൊര്‍ണൂര്‍ ) എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിട്ടു
  • 56392 – കൊല്ലം – എറണാകുളം പാസഞ്ചര്‍ തൃപ്പുണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു
  • എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി
  • 16127 ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
  • ഇതിനുപുറമെ 12678 ബംഗളൂരു ഇന്റര്‍സിറ്റി എറണാകുളം ജംഗ്ഷനില്‍ നിന്നും വിട്ടുപോകുന്ന സമയം 11:30-യിലേക്ക് മാറ്റി
  • 12617 മംഗള എക്‌സ്പ്രസിന്റെ സമയവും ഒരു മണിയിലേക്ക് മാറ്റി

തെക്കന്‍, മധ്യകേരളത്തില്‍ വന്‍നാശം

കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പത്തനാപുരം ആവണീശ്വരത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്‍റോ തുരുത്തില്‍ രണ്ട് വീടുകള്‍ മഴയില്‍ തകര്‍ന്നുവീണു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശക്തമായ മഴ തുടരുന്നതിനാല്‍ മണിയാര്‍ ഡാമിലെ ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പയുടെയും കക്കാട്ടാറിന്റേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നീരൊഴുക്ക് ശക്തമായതിനാല്‍ പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. 11 മണിയോടെയാകും ഷട്ടറുകള്‍ ഉയര്‍ത്തുക.

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 120 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. നീരൊഴുക്ക് തുടരുന്നതു കണക്കിലെടുത്ത് അര മണിക്കൂറിനു ശേഷം 60 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കാരണം ന്യൂനമര്‍ദ്ദം

ഇപ്പോള്‍ മഴ ഉണ്ടായിരിക്കുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണെന്ന് കാലാവസ്ഥാ നിരീക്ഷകനും ശാസ്ത്രജ്ഞനുമായ ഡോ. ശേഖര്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു. അറബിക്കടലില്‍ കന്യാകുമാരി തീരത്ത് നിന്ന് മാറി ന്യൂനമര്‍ദ്ദമുണ്ടായിട്ടുണ്ട്. അതും തുലാവര്‍ഷത്തിന്റെ പ്രഭാവവും കൂടിച്ചേര്‍ന്നുള്ള ഒരു പ്രതിഭാസം മൂലമാണ് ശക്തമായ മഴ പെയ്യുന്നത്. അടുത്ത പത്ത് ദിവസത്തേക്ക് ഇത്തരത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. വൈകിട്ട് രണ്ട് മണി മുതല്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

share this post on...

Related posts