കോടിയേരി പറഞ്ഞാല്‍ മകന്‍ കേള്‍ക്കുന്നില്ല, പിന്നെ ആര് കോടിയേരിയെ കേള്‍ക്കുമെന്നും ചെന്നിത്തല

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യക്കു കാരണക്കാരിയായ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമളയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ആദ്യത്തെ വാചകം തന്നെ വളരെ പ്രസക്തമാണ്. തനിക്ക് മറുപടി പറയാന്‍ പ്രയാസമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐ.(എം) പ്രതിരോധത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് മറുപടി പറയാന്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പ്രയാസം മാത്രമല്ല കുറ്റബോധം കൂടിയുണ്ട്. ചില ബിംബങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിതന്നെ ഒരു ബിംബമായി മാറികൊണ്ടിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ബിംബങ്ങള്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. വിഗ്രഹഭഞ്ജകര്‍ ആരാണെന്നും എല്ലാവര്‍ക്കുമറിയാം. വിഷയത്തിന്റെ യഥാര്‍ത്ഥ വശങ്ങളെ മറച്ചുവച്ചുകൊണ്ട് മറ്റൊരു വിഷയത്തിലേയ്ക്കാണ് അദ്ദേഹം പോകുന്നത്. കെ. എം. ഷാജിയുടെ അടിയന്തരപ്രമേയാവതരണാനുമതിക്കുള്ള നോട്ടീസില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണെതിരെ 306-ാംവകുപ്പ് അനുസരിച്ച് കേസ്സെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് വര്‍ഷം കഠിനതടവും പിഴയും അടയ്ക്കേണ്ട കേസാണത്. എന്നാല്‍, ശ്യാമളയെ രക്ഷിക്കാനുളള നടപടിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ കാണാന്‍ കഴിയുന്നത്. സെക്രട്ടറിയുടെ ഭാഗത്തുളള കുറ്റമാണ് മുഖ്യമന്ത്രി പറഞ്ഞത്. ചെയര്‍പേഴ്സണിന്റെ നടപടിയെക്കുറിച്ച് ഒരു വാക്ക് പറയാമായിരുന്നു.
താനും പ്രതിപക്ഷ ഉപനേതാവ് ഡോ. എം. കെ. മുനീറും കെ. എം. ഷാജിയും സതീശന്‍ പാച്ചേനിയും കൂടി ആ വീട്ടില്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്. പി. ജയരാജനെക്കുറിച്ചോ എം. വി. ഗോവിന്ദനെക്കുറിച്ചോ ഒരു കുറ്റവും പറഞ്ഞില്ല. ഭര്‍ത്താവ് നഷ്ടപ്പെട്ട ആ സ്ത്രീ പറഞ്ഞ കാര്യമാണ് പറഞ്ഞത്. ‘ ജൂണ്‍ 2-ാം തീയതി പി. ജയരാജന്റെ മകളുടെ വിവാഹത്തില്‍ സാജേട്ടന്‍ പങ്കെടുത്തിരുന്നു. അതിന്റെ പേരില്‍ പകപോക്കിയതായി സാജേട്ടന് സംശയമുണ്ടായിരുന്നു എന്ന് അവര്‍ പറഞ്ഞു. പി. കെ. ശ്യാമളയെക്കുറിച്ച് അവര്‍ പറഞ്ഞത്, താന്‍ ഈ കസേരയില്‍ ഉളളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല എന്നു പറഞ്ഞതായാണ്.
ഈ വിഷയത്തില്‍ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ മുകളില്‍ പിടിപാടുളളവരല്ലേ; കെട്ടിടനമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നുതന്നെ വാങ്ങിക്കൊള്ളൂ എന്ന വെല്ലുവിളിയാണ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നടത്തിയത്.
മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞത് ഉദ്യോസ്ഥര്‍ അനുസരിച്ചില്ലെന്നാണ് കോടിയേരി പറഞ്ഞത്. മകന്‍ പോലും കോടിയേരി പറയുന്നത് കേള്‍ക്കുന്നില്ല അപ്പോള്‍ പിന്നെ കോടിയേരി പറയുന്നത് ആര് കേള്‍ക്കുമെന്നും ചെന്നിത്തല ചോദിച്ചു. ശ്യാളക്കെതിരേ 306 വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ തയ്യാറാക്കത്തില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കണ്ണൂര്‍ ജില്ലയിലെ സി.പി.ഐ.(എം)-ന്റെ അഭിപ്രായവ്യത്യാസത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഇതിന്റെ പിന്നിലുളളതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
ജെയിംസ് മാത്യുവിന്റെ പ്രസംഗത്തില്‍ താനും ഒരു കുറ്റവാളിയാണെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും നിലവിലുളള അഞ്ചാം വാര്‍ഡ് അംഗവും മുസ്ലീം ലീഗിന്റെ ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി. എ. ഷൗക്കത്ത് അലി പ്രാദേശിക സി.പി.ഐ.(എം) നേതാക്ക•ാര്‍ക്ക് 10 ലോഡ് കല്ലും 100 രൂപ പത്രത്തില്‍ ഒപ്പിട്ടുകൊടുത്തതുമായ വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നു. പാര്‍ട്ടി മാത്രമാണോ ഇവിടെ ഭരിക്കുന്നത്?
മുന്‍സിപ്പല്‍ സെക്രട്ടറിയെയും എഞ്ചിനീയറെയുമൊക്കെ തങ്ങള്‍ സസ്പെന്റ് ചെയ്തുവെന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍ പ്രഖ്യാപിക്കുകയാണ്. ആരാണ് മൂന്നുപേരെ സസ്പെന്റ് ചെയ്തുവെന്ന് പറയാനുളള അധികാരം അദ്ദേഹത്തിന് എങ്ങനെ കിട്ടി? തങ്ങളാരും പാര്‍ട്ടിയെ അധികാരം ഏല്‍പ്പിച്ചിട്ടില്ലെന്നും തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും അപ്പോള്‍ത്തന്നെ എ. സി. മൊയ്തീന്‍ പറഞ്ഞു.
ഇതൊരു കോള്‍ഡ് ബ്ലെഡഡ് മര്‍ഡറാണ്. ഇവിടെ വാസ്തവത്തില്‍ ആന്തൂറിലെ പ്രവാസി സംരംഭകനായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതല്ല, അതൊരു കൊലപാതകമാണ്. ഈ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം പറയാത്തതില്‍ വേദനയുണ്ട്.
ഒരു വര്‍ഷംമുമ്പ് സാജന്‍ പാറയില്‍ തിരുവനന്തപുരത്തുവന്ന് മന്ത്രി ഡോ. കെ. ടി. ജലീലിനെ കണ്ടതാണ്.
ഉള്‍പ്രദേശത്ത് പതിനെട്ടര കോടി രൂപയോളം മുടക്കി പണിത കെട്ടിടത്തിന് റോഡിന്റെ ഭാഗത്തുനിന്നും അഞ്ച് സെന്റിമീറ്റര്‍ മാറ്റിയില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഇത്രയും ബുദ്ധിമുട്ടിക്കേണ്ട കാര്യമുണ്ടായിരുന്നോ?
സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സി.പി.ഐ.(എം)-ന്റെ സംസ്ഥാന സെക്രട്ടറി ആ സ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികമായ നടപടിയാണ്. ധാര്‍മ്മികതയെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും പുരപ്പുറത്തുകയറി പ്രസംഗിക്കുന്ന സി.പി.ഐ.(എം).-ന് അന്തസ്സുണ്ടെങ്കില്‍ സെക്രട്ടറിയെ ആ സ്ഥാനത്തുനിന്നും പുറത്താക്കിയിട്ടുവേണം ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍.

പത്തനാപുരത്ത് സുഗതന്റെ സംഭവമുണ്ടായപ്പോള്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സുഗതന് ഇതുവരെ പഞ്ചായത്ത് കമ്മിറ്റി ലൈസന്‍സ് നല്‍കിയിട്ടില്ല. അയാളുടെ മക്കള്‍ ഇന്നലെ എന്നെ വിളിച്ചു. ഞാന്‍ എ. സി. മൊയ്തീനെ വിളിച്ചു. ഡോ. എം. കെ. മുനീറും ഉണ്ടായിരുന്നു.
കണ്ണുനീര് മാത്രമുള്ള ആ കുടുംബത്തിന് ടെമ്പററി ലൈസന്‍സെങ്കിലും നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. നിയമപരമായ കാര്യങ്ങളുണ്ടെങ്കില്‍ പിന്നീട് പരിശോധിക്കാം. 24 മണിക്കൂറിനുള്ളില്‍ ആ പാവങ്ങള്‍ക്ക് ലൈസന്‍സ് നല്‍കണം.
ഈ സംഭവത്തെത്തുടര്‍ന്ന് പ്രവാസികള്‍ക്കുണ്ടായികൊണ്ടിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കാനെങ്കിലും ആ ചെയര്‍പേഴ്സണെതിരെ നടപടി സ്വീകരിക്കണം. ബൈബിളില്‍ ‘പച്ചമരത്തോട് ഇങ്ങനെ ചെയ്താല്‍ ഉണക്ക മരത്തോട് എങ്ങനെ സംഭവിക്കും’ എന്നൊരു വാചകമുണ്ട്. പാര്‍ട്ടിക്കാരോട് ഇതാണ് ചെയ്യുന്നതെങ്കില്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന അനുഭവം എന്തായിരിക്കും?
ടി. പി. ചന്ദ്രശേഖരന്റെ കഥ എല്ലാവര്‍ക്കുമറിയാം. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കുണ്ടായ അനുഭവമറിയാം, കീഴാറ്റൂരില്‍ സുരേഷിനും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ അനുഭവമറിയാം. തലശ്ശേരിയിലെ സി. ഒ. ടി. നസീറും കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ലേ? ഇവര്‍ക്ക് നേരിടേണ്ടിവന്ന ദുര്യോഗങ്ങള്‍ കേരളം കണ്ടതാണ്. സ്വന്തം വര്‍ഗ്ഗത്തെ ദ്രോഹിക്കുന്നതിന്റെ പേരാണോ കമ്മ്യൂണിസം? അന്യന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കണമെന്നുപറയുന്ന കമ്മ്യൂണിസം അന്യന്റെ വേദന മാത്രം ഇന്ന് ആസ്വദിക്കുന്ന നിലയിലേയ്ക്ക് മാറിക്കഴിഞ്ഞിരിക്കുന്നുവെന്നുള്ളതാണ് സത്യം.
കണ്ണൂര്‍ നഗരസഭയില്‍ അഞ്ചുവര്‍ഷം കൗണ്‍സിലറായിരുന്ന കെ. വിനോദിനെ ഇതേ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥരും വെള്ളം കുടിപ്പിച്ച കഥ കണ്ണൂരിലെ പത്രങ്ങളിലെല്ലാം വന്നതാണ്. ഗള്‍ഫില്‍നിന്ന് മടങ്ങി എത്തിയതിനുശേഷം സി.പി.ഐ.(എം.) സ്ഥാനാര്‍ത്ഥിയായി നഗരസഭയില്‍ മത്സരിച്ച വിനോദ് നഗരസഭാംഗമായി. 2011-ല്‍ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ നടത്തിപ്പ് അദ്ദേഹം കരാറെടുത്തു. സി.പി.ഐ.(എം.)ന് ഉന്നതമായ പിടിപാടുണ്ടായിരുന്നിട്ടും നല്ല കമ്മ്യൂണിസ്റ്റുകാരനായിരുന്നിട്ടും തന്റെ സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ ഈ ചെയര്‍പേഴ്സണ്‍ അനുവദിച്ചില്ല. സംഭാവന ചോദിച്ചതിനെപ്പറ്റി ഞാന്‍ പറയുന്നില്ല. ആന്തൂരില്‍ ശുചീകരണ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് തയ്യാറായി വന്ന ഒരു വനിതാ വ്യവസായിയായ സോഹിത തന്റെ കഥ, ഫെയ്സ്ബുക്കില്‍ ഇട്ടിട്ടുണ്ട്. ‘കോയമ്പത്തൂരിലോ ബാംഗ്ലൂരോ പോകാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ’ എന്നാണ് ആന്തൂര്‍ ചെയര്‍പേഴ്സണ്‍ തന്നോട് ചോദിച്ചതെന്ന് സോഹിത ഫെയ്സ്ബുക്കില്‍ പറഞ്ഞിരിക്കുന്നു.
വ്യവസായം ആരംഭിക്കാനെത്തിയ സോഹിത 40 ലക്ഷം രൂപയുടെ കടക്കാരിയായി, 15 കുടുംബങ്ങളുടെ അന്നവും മുട്ടി. കൂത്തുപറമ്പില്‍ ഫ്ലോര്‍ മില്‍ ആരംഭിക്കാന്‍ ഒരു കടമുറി എടുത്ത് മൂന്നുവര്‍ഷമായി കാത്തിരിക്കുന്ന യുവ സംരംഭകയുടെ കഥയും കഴിഞ്ഞ ദിവസം പത്രത്തില്‍ വന്നു. ആന്തൂരില്‍ കുടിവെള്ളം കിട്ടാത്തതിന്റെ പേരില്‍ ഒരു പാവപ്പെട്ടവന്‍ ഇവിടെ കുടിവെള്ളമില്ലെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. അയാളെ ഇനി പീഡിപ്പിക്കാന്‍ മറ്റൊന്നുമില്ല. അതും ഒരു കമ്മ്യൂണിസ്റ്റുകാരനാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

share this post on...

Related posts