മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്!… അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് നടപടി എടുത്തിരിക്കുന്നത്, അഴിമതിക്കെതിരെയുള്ള സമ്മാനം: രാജു നാരായണ സ്വാമി

കൊച്ചി: സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പൊട്ടിത്തെറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി. സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ നാരായണ സ്വാമി ഇതിനെക്കുറിച്ച് സര്‍ക്കാര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പറഞ്ഞു. സംസാരിക്കുന്നതിനിടെ പലപ്പോഴും വികാരഭരിതനായാണ് രാജു നാരായണസ്വാമി സംസാരിച്ചത്.
ഇത് അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ സ്വാമി, സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു. മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്: രാജു നാരായണ സ്വാമി പറഞ്ഞു.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സര്‍വ്വീസില്‍ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു.

28 വര്‍ഷമായി അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണ് ഇതെന്ന് പറഞ്ഞ രാജു നാരായണസ്വാമി വികാരാധീനനായാണ് പ്രതികരിച്ചത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇതെന്നും വന്‍ അഴിമതിയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നാളികേര വികസന ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും രാജു നാരായണ സ്വാമി വ്യക്തമാക്കുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ 2 വര്‍ഷം തികയുന്നതിന് തസ്തികയില്‍ നിന്ന് നീക്കം ചെയ്യുന്നുവെങ്കില്‍ അത് സംബന്ധിച്ച് ഉദ്യോഗസ്ഥന് മുന്‍കൂര്‍ അറിയിപ്പ് നല്‍കണം, രാജു നാരായണ സ്വാമിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. ഇതേ തുടര്‍ന്നാണ് നാരായണ സ്വാമി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയത്.
ആയിരക്കണക്കിന് അഴിമതികളില്‍ നിന്ന് മുകള്‍ തട്ടിലുള്ളവയാണ് കണ്ടെത്തിയതെന്ന് പറഞ്ഞ നാരായണ സ്വാമി, താന്‍ തിരിച്ചെത്തിയാല്‍ ഇതിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തുമെന്നതിനാലാണ് തനിക്കെതിരെ ഇത്തരത്തില്‍ നടപടിയുണ്ടായത് എന്ന് അവകാശപ്പെടുന്നു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ നേരിട്ട് തന്നെ വിളിപ്പിച്ച് നടപടികളില്‍ നിന്ന് പിന്തിരയണമെന്ന് ആവശ്യപ്പെട്ടതായും നാരായണസ്വാമി ആരോപിക്കുന്നു. കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളം പോലുമില്ലെന്ന് നാരായണസ്വാമി പറയുന്നു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിനറിയാമെന്നും ഇത് സംബന്ധിച്ച് ഒരു മെമോ പോലും തനിക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു.
”മൂന്നാര്‍ മുതല്‍ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗോഡ് ഫാദര്‍മാരുള്ളവര്‍ക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരെ നിലപാടടെക്കുന്നവരുടെ ജീവിത മാര്‍ഗം മുട്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അടി കൊണ്ട പോലീസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഉണ്ടാകും”, രാജു നാരായണ സ്വാമി പറയുന്നു.
ഈ തീരുമാനമെടുത്ത എല്ലാ വ്യക്തികള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് നാരായണസ്വാമി വ്യക്തമാക്കുന്നത്.

share this post on...

Related posts