ജലനിരപ്പുയർന്നു; മൂഴിയാർ ഡാമിന്റെയും മണിയാർ ബാരേജിന്റെയും ഷട്ടറുകൾ തുറന്നു

കേരളത്തില്‍ മഴ ശക്തമായി തുടരുന്നു. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കു ദേശീയ ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.∙ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ. മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. കനത്ത മഴയിൽ നിറഞ്ഞ് ഒഴുകുന്ന ചാലിയാർ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാത്രിയിൽ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. മണിയാർ ബാരേജിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം.
രാത്രി എട്ടരയോടെ പമ്പാനദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വേകളിൽ ആറടിയിലധികം വെള്ളം ഉയർന്നു. ജലനിരപ്പ് അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. ശബരിമല പമ്പ ത്രിവേണിയിൽ ജലനിരപ്പുയർന്ന് പടിക്കെട്ടു മുങ്ങി. വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. ∙ ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണു നിയന്ത്രണം.∙ ഇടുക്കിയിൽ പലയിടത്തും മണ്ണിടിഞ്ഞു. ഉരുൾപൊട്ടി, മരം വീണു, പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം താറുമാറായി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇടുക്കിയിൽ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങിയത്. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്ന് അതി തീവ്ര രൂപം പ്രാപിക്കുകയായിരുന്നു. ഇതോടെ അസാധാരണമായ സാഹചര്യങ്ങളാണ് ജില്ലയിൽ ഉണ്ടായത്.∙ ഹൈറേഞ്ച് മേഖലയിൽ മഴ കനത്ത നാശം വിതച്ചു. കട്ടപ്പന- കുട്ടിക്കാനം, കുട്ടിക്കാനം- കുമളി, കട്ടപ്പന- കുമളി, കട്ടപ്പന- ഇടുക്കി റോഡുകളിൽ വ്യാപകമായി മണ്ണിടിഞ്ഞു വീണു. മരങ്ങൾ കടപുഴകി റോഡുകളിലേക്കു വീണു കിടക്കുകയാണ്.

Related posts