‘ശബരിമല’യില്‍ പ്രേമചന്ദ്രന്റെ ബില്ലിന് എന്തു സംഭവിക്കും? ബിജെപി തള്ളുമോ, പിന്തുണക്കുമോ?

ദില്ലി: ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്‌സഭയില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. ഇത് കൂടാതെ പ്രേമചന്ദ്രന്‍ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് അവതരണാനുമതിയുണ്ട്. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.
എന്നാല്‍ സ്വകാര്യ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരവും ജനാധിപത്യ അവകാശവുമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ”കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു കാര്യത്തില്‍ ഒരു നടപടിയുമുണ്ടാകാത്തതിനാലാണ് ഈ ബില്ല് കൊണ്ടുവന്നത്. ബില്ലവതരണം ആദ്യഘട്ടം മാത്രമാണെന്ന കാര്യം ഞാനും സമ്മതിക്കുന്നു. എന്നാല്‍ കേരളത്തില്‍ അക്രമം അഴിച്ചു വിട്ടുകൊണ്ടുള്ള സമരം നടത്തുകയും നിയമനിര്‍മാണം നടത്തുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുകയും ചെയ്ത ബിജെപി പിന്നീട് അതില്‍ ഒരു നടപടിയൊന്നുമെടുത്തിട്ടില്ല”, ബിജെപിക്ക് നയം വ്യക്തമാക്കേണ്ട സമയമാണിതെന്നും, നിലപാടെടുത്തേ മതിയാകൂ എന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കുന്നു.

സ്വകാര്യബില്ല്?

നിയമനിര്‍മാണത്തിനുള്ള ആദ്യ പടിയാണ് ബില്ലുകള്‍. നിയമത്തിന്റെ കരട് രേഖ ബില്ലുകളായാണ് ലോക്‌സഭയിലും രാജ്യസഭയിലും കൊണ്ടുവരിക. രണ്ടിടത്തും അവതരിപ്പിച്ച്, അംഗങ്ങള്‍ ഇതില്‍ ചര്‍ച്ച നടത്തി അത് പാസ്സാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കും. രാഷ്ട്രപതി ഇതില്‍ ഒപ്പുവച്ചാല്‍ അത് നിയമമായി.
ബില്ലുകള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകള്‍. കേന്ദ്രമന്ത്രിസഭയിലെ ഒരംഗമായിരിക്കും ഈ ബില്ലുകള്‍ കൊണ്ടുവരിക. രണ്ടാമത് സ്വകാര്യ ബില്‍. രാജ്യസഭയിലോ ലോക്‌സഭയിലോ ഉള്ള ഒരംഗത്തിന് ഈ ബില്ല് അവതരിപ്പിക്കാന്‍ അവകാശമുണ്ടായിരിക്കും.
സ്വകാര്യബില്ല് അവതരിപ്പിക്കുന്നതിന് ആദ്യം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കണം. എന്തിനാണ് ബില്ല് കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കണം. ഈ ബില്ല് ചട്ടപ്രകാരം അവതരിപ്പിക്കാമോ എന്ന് രാജ്യസഭാ സെക്രട്ടേറിയറ്റോ ലോക്‌സഭാ സെക്രട്ടേറിയറ്റോ പരിശോധിക്കും. എന്തെങ്കിലും സംശയം ഇതിലുണ്ടെങ്കില്‍ അതാത് സെക്രട്ടേറിയറ്റുകള്‍ നിയമമന്ത്രാലയത്തിന്റെ സഹായം തേടും.
നിയമമന്ത്രാലയം കൂടി അംഗീകരിച്ചാല്‍ ബില്ല് അവതരിപ്പിക്കാന്‍ അവസരം നല്‍കും. ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. പല എംപിമാരും പല വിഷയങ്ങളും സഭയ്ക്ക് മുന്നില്‍ കൊണ്ടുവരുന്നുണ്ടാകാം. പക്ഷേ ഇതില്‍ ഏതൊക്കെയാണ് അവതരിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. അതായത്, ഒരു ബില്ല് അവതരിപ്പിക്കാന്‍, അതില്‍ ചര്‍ച്ചയുണ്ടാകാന്‍, അത് അംഗീകരിക്കപ്പെടാന്‍ ഒക്കെ ബുദ്ധിമുട്ടാണെന്നര്‍ത്ഥം.
സാധാരണ വെള്ളിയാഴ്ചകളിലാണ് ഇത്തരം ബില്ലുകള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുക. സ്വകാര്യ അംഗങ്ങളുടെ ദിനം എന്നാണ് വെള്ളിയാഴ്ചകളെ സാധാരണ വിളിക്കാറ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുക
ബില്ലുകള്‍ക്ക്, പ്രമേയം പ്രേമചന്ദ്രന്റെ ഈ ബില്ല് കൊണ്ടുവരണമെങ്കില്‍ ഭൂരിപക്ഷം അംഗങ്ങളും യോജിക്കണം. അംഗങ്ങളെല്ലാം ഈ ബില്ലിനോട് യോജിക്കാന്‍ തന്നെയാണ് സാധ്യത. ഈ സാഹചര്യത്തില്‍ ബിജെപി ഈ ബില്ലിനെ എതിര്‍ക്കാന്‍ ഒരു സാധ്യതയുമില്ല.

See More:  മഴയെ വായു വിഴുങ്ങി

ബില്ല് അവതരിപ്പിച്ചാലും ഇത് ചര്‍ച്ചയ്ക്ക് എടുക്കുക എളുപ്പമല്ല. 25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകള്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പില്‍ വിജയിച്ചാല്‍ ബില്ല് ചര്‍ച്ചയ്ക്ക് വരും.
സാധാരണ ലോക്‌സഭയില്‍ മുന്നൂറിലധികം ബില്ലുകള്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇരുപതില്‍ താഴെ സ്വകാര്യ ബില്ലുകള്‍ മാത്രമാണ് ചര്‍ച്ചയ്ക്ക് എടുക്കുക.
ചര്‍ച്ചയ്ക്ക് എടുത്താലും ഇത്തരം സ്വകാര്യ ബില്ലുകള്‍ പാസ്സാക്കാറുണ്ടോ? സാധ്യത വളരെക്കുറവാണ് എന്നതാണുത്തരം. 1970 മുതല്‍ ഒരു സ്വകാര്യ ബില്ലും പാര്‍ലമെന്റ് ബില്ല് പാസ്സാക്കിയിട്ടില്ല. ഇതുവരെ 14 സ്വകാര്യ ബില്ലുകള്‍ മാത്രമാണ് നിയമമായിട്ടുള്ളത്. പലപ്പോഴും സ്വകാര്യബില്ലുകള്‍ സമഗ്രമാകാറില്ല. കേന്ദ്രസര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥ തല ചര്‍ച്ചകളുടെയും വലിയ ആലോചനാ നടപടികളിലൂടെയും കൊണ്ടുവരുന്ന ബില്ലുകളുടെ അത്ര സമഗ്രത ഒരു എംപി മാത്രമിരുന്ന് തയ്യാറാക്കുന്ന സ്വകാര്യ ബില്ലില്‍ ഉണ്ടാകില്ല. എംപിമാര്‍ക്ക് ഒരു വിഷയം ഉന്നയിക്കാന്‍ സ്വകാര്യ ബില്ലുകളെ ആശ്രയിക്കാം എന്ന് മാത്രം. അത്തരമൊരു വിഷയം കേന്ദ്രസര്‍ക്കാര്‍ കൂടി അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇതില്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രത്തിന് എംപിമാര്‍ക്ക് ഉറപ്പ് നല്‍കാം.

കേന്ദ്രം എന്ത് ചെയ്യും?

ഒരു സ്വകാര്യ ബില്ല് വന്നാല്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളത്: ഒന്ന്, ബില്ല് പിന്‍വലിക്കാന്‍ അംഗത്തോട് ആവശ്യപ്പെടാം. സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് ഉറപ്പ് നല്‍കാം. അതിനാല്‍ തല്‍ക്കാലം ഇപ്പോള്‍ ബില്ല് പിന്‍വലിച്ചാല്‍ ഇതേ വിഷയത്തില്‍ സമഗ്രമായ, കുറ്റമറ്റ നിയമനിര്‍മാണം നടത്തുമെന്ന് ഉറപ്പ് നല്‍കാം. അതല്ലെങ്കില്‍, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തല്‍ക്കാലം സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് കാണിച്ച് എതിര്‍ക്കാം. അതല്ലെങ്കില്‍ ബില്ല് പാസ്സാക്കുന്നതിനായി വോട്ടെടുപ്പ് ആവശ്യപ്പെടാം. ഇതിലേത് നിലപാടാകും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്.

share this post on...

Related posts