എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍, നയം മാറ്റി മോദി

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്‌സീന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. വാക്‌സീന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്‌സീന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കും. എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്.
രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. 100 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുന്‍പ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ഇതിനെ നമ്മള്‍ ഒരുമിച്ചാണു നേരിട്ടത്. കോവിഡിനെ നേരിടാന്‍ രാജ്യത്ത് ഒരു പ്രത്യേക ആരോഗ്യ സംവിധാനംതന്നെ തയാറാക്കി. ഇത്രയേറെ ഓക്‌സിജന്‍ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കി. ഓക്‌സിജന്‍ ട്രെയിന്‍ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.
കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാന്‍ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്‌ക് ഉറപ്പായും ധരിക്കുക. വാക്‌സീന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച രണ്ടു വാക്‌സീനുകളാണുള്ളത്. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധര്‍ എത്രയും പെട്ടെന്ന് വാക്‌സീന്‍ തയാറാക്കുമെന്നതില്‍ വിശ്വാസമുണ്ട്. അതിനാലാണ് അവര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നല്‍കിയത്.
വരുംനാളുകളില്‍ വാക്‌സീന്‍ വിതരണം കൂടുതല്‍ ശക്തമാക്കും. രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്‌സീന്‍ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്‌സീനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സീനും പരിഗണനയിലുണ്ട്.

Related posts