വയോധികനെ കരണത്തടിച്ച് വലിച്ചിഴച്ചു; എസ്‌ഐക്ക് സ്ഥലംമാറ്റം, കഠിനപരിശീലനം

കൊല്ലം∙ ചടയമംഗലത്ത് നടുറോഡിൽ വയോധികനെ മർദിച്ച പൊലീസ് എസ്ഐയെ സ്ഥലം മാറ്റി. കുട്ടിക്കാനം കെഎപി ബറ്റാലിയനിൽ കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടിയെടുക്കുമെന്ന് കൊല്ലം റൂറൽ എസ്പി അറിയിച്ചു.
ഹെൽമെറ്റില്ലാതെ ബൈക്കിനു പിന്നിൽ യാത്ര ചെയ്ത വയോധികനെയാണ് എസ്ഐ ഷജീം മർദിച്ചത്. രാമാനന്ദൻ നായർ (69) ആണ് മർദനത്തിനിരയായത്. രാമാനന്ദനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
രാമാനന്ദൻ നായരും സുഹൃത്തും ജോലിക്കു പോകുന്നതിനിടെ പൊലീസ് കൈ കാണിച്ചു ബൈക്ക് നിർത്തിക്കുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. 1000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും കയ്യിൽ പണമില്ലെന്ന് പറ‍ഞ്ഞു. സ്റ്റേഷനിൽ വന്ന് പിഴയടക്കാമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ എസ്ഐ ഇവരെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി.
ബൈക്കോടിച്ച ആളെ ആദ്യം ജീപ്പിൽ കയറ്റി. താൻ പിന്നിലിരുന്ന ആളാണെന്നും പിഴയടക്കേണ്ട ആവശ്യമില്ലെന്നും രാമാനന്ദൻ പറഞ്ഞതോടെയാണ് എസ്ഐ ഇയാളെ അടിച്ചതും വലിച്ചിഴച്ച് ജീപ്പിൽ കയറ്റിയതും. പിന്നീട് പുറത്തിറങ്ങിയ വയോധികൻ ‘ഒന്നുകിൽ കൊല്ലണം, അല്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകണം’ എന്ന് അലറുന്നതു വിഡിയോയിൽ കാണാം.

Related posts