പഴവങ്ങാടി മഹാഗണപതി ക്ഷേത്രം- ഐതിഹ്യവും ചരിത്രവും

ഒരു മംഗളകാര്യത്തിന് അപ്രതീക്ഷിതമായി പെയ്യുന്ന മഴ തടസമാകാറുണ്ടെങ്കിലും അത് അല്പ സമയത്തേക്കെങ്കിലും നിലയ്ക്കുന്നതിന് വിശ്വാസികള്‍ ആദ്യം പ്രാര്‍ത്ഥിക്കുന്നത് പഴവങ്ങാടി മഹാഗണപതിയെയാണ്. പഴവങ്ങാടി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചാല്‍ തടസമായി മഴ വരില്ലെന്നാണ് വിശ്വാസം. പണ്ടു മുതല്‍ തന്നെ മഴ പെയ്യാതിരിക്കാന്‍ ഈ വഴിപാട് ഉണ്ടായിരുന്നു. എ.ഡി 1771ലെ മതിലകം രേഖകളില്‍ മഹാരാജാവിന്റെ എഴുന്നള്ളത്ത് സമയത്ത് മഴ പെയ്യുന്നത് ഒഴിവാക്കാന്‍ ക്ഷേത്രത്തില്‍ നാളികേരം ഉടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കരസേന നേരിട്ടു ഭരിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി മഹാഗണപതി ക്ഷേത്രം.ഐതിഹ്യം ഇങ്ങനെ പദ്മനാഭപുരത്തെ കോട്ടയുടെ ഒരു ഭാഗത്ത് കാവല്‍ നിന്നിരുന്ന പട്ടാളക്കാര്‍ പിറ്റേന്ന് ബോധരഹിതരായി കാണുക പതിവായിരന്നു. യക്ഷിയെ ഭയന്നാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നായിരുന്നു വിശ്വാസം. ഒരു ദിവസം ഭക്തനായ സൈനികന്‍ സമീപത്തെ വള്ളിയൂര്‍ നദിയില്‍ മുങ്ങിയപ്പോള്‍ ആറ് ഇഞ്ച് വലിപ്പമുള്ള ഗണപതി വിഗ്രഹം ലഭിച്ചു. പാറാവ് ഡ്യൂട്ടിക്ക് പോയപ്പോള്‍ ആ സൈനികന്‍ വിഗ്രഹവും ഒപ്പം കൊണ്ടുപോയി. അതിനു ശേഷം യക്ഷിയുടെ ശല്യം ഉണ്ടായിട്ടില്ല. തുടര്‍ന്ന് പദ്മനാഭപുരം സൈനിക താവളത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ച് സൈനികര്‍ ആരാധിച്ചു പോന്നു. ഒരു യോഗീവര്യന്‍ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നു അത്. ക്രമേണ അന്നത്തെ പട്ടാളമായ നായര്‍ ബ്രിഗേഡിന്റെ രക്ഷാദൈവമായി ഗണപതി മാറി. തിരുവിതാംകൂറിന്റെ തലസ്ഥാനം 1760ല്‍ പദ്മനാഭപുരത്തു നിന്നു തിരുവനന്തപുരത്തേക്കു മാറ്റിയപ്പോള്‍ ഈ ഗണപതി വിഗ്രഹവും സൈനികര്‍ ഇങ്ങോട്ടു കൊണ്ടു വന്നു. പഴയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആല്‍മരച്ചുവട്ടിലായിരുന്നു സ്ഥാപിച്ച് ആരാധിച്ചിരുന്നത്. 1765ല്‍ ധര്‍മ്മരാജാവിന്റെ കാലത്ത് അന്നത്തെ വെടിപ്പുരയായിരുന്ന ഇന്നത്തെ പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു. ആയില്യം തിരുനാളിന്റെ കാലത്ത് ക്ഷേത്രം പുതുക്കിപ്പണിതു. ദുര്‍ഗാ ഭഗവതിയെയും വേട്ടയ്‌ക്കൊരുമകനെയും പ്രതിഷ്ഠിച്ചു. ചുരികയേന്തിയ വേട്ടയ്‌ക്കൊരു മകന്റെ വിഗ്രഹമാണ് പഴവങ്ങാടിയിലുള്ളത്. സ്വാതന്ത്ര്യത്തിനു ശേഷം നായര്‍ ബ്രിഗേഡ് ഇന്ത്യന്‍ സേനയില്‍ ലയിച്ചപ്പോള്‍ ക്ഷേത്രം ഇന്ത്യന്‍ പട്ടാളത്തിന്റെ (മദ്രാസ് റെജിമെന്റ്) സ്വന്തമായി. ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാന്‍ നായര്‍ ബ്രിഗേഡ് ഒരു കമ്മിറ്റി രൂപീകരിച്ചു. ഇതാണ് കാലക്രമേണ തിരുവാതിര കമ്മിറ്റിയായി മാറിയത്. 1969ലാണ് ക്ഷേത്രത്തില്‍ മണ്ഡപം പണിതത്. 1997ല്‍ ഗോപുരവും പണിതു. തമിഴ് ശൈലിയിലുള്ള ഗോപുരമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്നത് കേരളീയ വാസ്തുശില്പ മാതൃകയിലുള്ളതും.പുനഃപ്രതിഷ്ഠ ഇന്ന് അഞ്ചിന് തുടങ്ങിയ പുനരുദ്ധാരണ പൂജകള്‍ക്കു ശേഷം ഇന്നാണ് പുനഃപ്രതിഷ്ഠാ കര്‍മ്മം. രാവിലെ 11നു മേല്‍ 11.40നകം തന്ത്രി ദേവനാരായണന്‍ പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ മദ്രാസ് റെജിമെന്റ് മേധാവി ലഫ്. ജനറല്‍ രാജീവ് ചോപ്രയും എത്തും.

share this post on...

Related posts