പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുതിയ റോഡിന്റെ ഉദ്ഘാടനം മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വഹിച

ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററായതോടെ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ വലിയ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂവനന്തപുരം കോര്‍പ്പറേഷന്റേയും, ദേശീയ ആരോഗ്യ മിഷന്റേയും സഹായത്തോടെയാണ് ഈ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ഇതിനായി പുതിയ ഭൗതിക സാഹചര്യം ഒരുക്കുകയും നിലവില്‍ മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്റെ കൈവശം ഉണ്ടായിരുന്ന കെട്ടിടം കൂടി ആശുപത്രിയുടെ പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്തു. ഈ കേന്ദ്രത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നഴ്‌സുമാരും, പാരാമെഡിക്കല്‍ സ്റ്റാഫുകളും അടക്കം 10 പുതിയ പോസ്റ്റുകള്‍ ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ 17 പേരെ കോര്‍പ്പറേഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഫണ്ടുകളിലായി ഒന്നരക്കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതിനകം തന്നെ ഈ സ്ഥാപനത്തില്‍ നടന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ആദ്യമായാണ് ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിതമാകുന്നത്. സാധാരണ കൂടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ഉണ്ടാവാറില്ല. എന്നാല്‍ കിടത്തി ചികിത്സയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റുകള്‍ നേരിട്ട് നടത്തുന്ന സ്‌പെഷ്യാലിറ്റി ക്ലീനിക്കുകളും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. ശ്വാസക്വാശ രോഗങ്ങള്‍ക്കുള്ള ശ്വാസ്, മാനസിക രോഗങ്ങള്‍ക്കുള്ള ആശ്വാസ് എന്നീ ക്ലിനിക്കുകള്‍ക്ക് പുറമേ ഗര്‍ഭിണികള്‍ക്കൂം സ്ത്രീകള്‍ക്കുമുള്ള ചികിത്സ, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഇ.എന്‍.റ്റി, ഫിസിക്കല്‍ മെഡിസിന്‍, ദന്തല്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇവിടെ പ്രവര്‍ത്തിക്കുന്നു.

എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഒ.പി പ്രവര്‍ത്തിക്കും. എല്ലാ ദിവസവും 9 മണി മുതല്‍ 1 മണിവരെ നേത്ര പരിശോധനയും വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 1 മണിവരെ ദന്തല്‍ വിഭാഗവും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണിവരെ മാനസിക ആരോഗ്യ വിഭാഗവും പ്രവര്‍ത്തിക്കും. എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 മണി മുതല്‍ 12 മണിവരെ ത്വക്ക് രോഗ ചികിത്സയും ഇ.എന്‍.റ്റി ചികിത്സയും ഉണ്ടായിരിക്കും. ചൊവ്വ-വ്യാഴം- ശനി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12 മണിവരെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കും. ശനിയാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ 12 മണിവരെ ശിശു രോഗ വിഭാഗവും ചെവ്വാഴ്ച്ച റെസ്പിറേറ്ററി മെഡിസിന്‍, വ്യാഴാഴ്ച്ച ഫിസിക്കല്‍ മെഡിസിന്‍ വിഭാഗങ്ങളും പ്രവര്‍ത്തിക്കും. ഇതു കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എന്‍.സി.ഡി ക്ലീനിക്ക്, ലാബ്, ഫാര്‍മസി സംവിധാനങ്ങളും ഈ ആശുപത്രിയോടനുബന്ധിച്ച് ഉണ്ടാകും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പാങ്ങപ്പാറ എ.എം.ഒ. ഡോ. ടി.എസ്. അനീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ എന്‍.എസ്. ലതകുമാരി, കെ.എസ്. ഷീല, അലത്തറ അനില്‍ കുമാര്‍, നാരായണമംഗലം രാജേന്ദ്രന്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ബാലന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകളറിയിച്ചു.  

Related posts