എംകോമിന് പഠിപ്പിച്ചതല്ലിത്; വിജീഷിനെ ജീവിതം പഠിപ്പിച്ചത് മായമില്ലാത്ത പച്ചക്കറി കൃഷി

vijeesh organic farming

vijeesh organic farming

മലപ്പുറം: എണ്‍പതു സെന്റ് സ്ഥലത്ത് പാകമെത്തി നില്‍ക്കുന്ന തക്കാളി, കാന്താരി മുതല്‍ അഞ്ചിനം മുളകുകള്‍, കോളി ഫ്‌ളവര്‍, പയര്‍, കാബേജ് തുടങ്ങി ആരേയും മോഹിപ്പിക്കുന്ന വിഷരഹിത ജൈവപച്ചക്കറി. മലപ്പുറം ജില്ലയിലെ ചേന്നരയിലെത്തിയാല്‍ കാണാം എംകോമുകാരന്റെ ഈ കൃഷി തോട്ടം. പ്രഗല്‍ഭരായ കര്‍ഷകര്‍ പലപ്പോഴും തോറ്റുപിന്‍മാറുന്ന ജൈവപച്ചക്കറി എന്ന ആശയത്തിലാണ് ഈ യുവാവ് വിജയം കൊയ്തിരിക്കുന്നത്.കുട്ടിക്കാലത്ത് വീട്ടുമുറ്റത്തെ മണ്ണില്‍ കളിച്ചുതുടങ്ങിയപ്പോള്‍ തോന്നിയ കൗതുകമായിരുന്നു പിന്നീട് എണ്‍പതു സെന്റ് സ്ഥലത്തെ കൃഷിയിലേക്ക് എത്തിച്ചത്. യുവാക്കളില്‍ പലരും രാവിലെ മൂടിപുതച്ച് കിടന്നുറങ്ങുന്ന 5 മണി സമയത്ത് വിജീഷ് കുമാര്‍ എഴുന്നേല്‍ക്കും തന്റെ പറമ്പിലെ പച്ചക്കറിക്ക് തടമെടുക്കാന്‍. പച്ചക്കറി തൈകള്‍ക്ക് വെളളമൊഴിച്ചും അവയെ പരിചരിച്ചും എട്ട് മണിക്ക് കൃഷിയിടത്തില്‍ നിന്ന് മടങ്ങും. തൈകളിള്‍ ഉണ്ടാകുന്ന ഓരോ മാറ്റവും നിരീക്ഷിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ തേടി അവയെ പരിചരിക്കും. ഇതിനായി കൃഷി വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും ഈ യുവ കര്‍ഷകന്‍ തേടാറുണ്ട്.

organic farming
വിജീഷിന് സഹായവുമായി അച്ഛനും സഹോദരനും കൂടി എത്തുന്നതോടെ കൃഷിയിടം ഉണരും. അമ്മയും സഹായത്തിനെത്തും. കൃഷി ചെയ്ത് ലഭിക്കുന്ന ഉത്പന്നങ്ങള്‍ സാധാരണ നിലയില്‍ വിറ്റഴിക്കുന്നവരാണ് കര്‍ഷകരില്‍ ഏറെയും. എന്നാല്‍ വിജീഷ് ഇതിലും ഏറെ വ്യത്യസ്തനാണ്. വിളവെടുക്കുന്ന പച്ചക്കറിയില്‍ തങ്ങളുടെ വീട്ടിലേക്ക് ആവശ്യത്തിനുള്ള പച്ചക്കറിയെടുത്ത ശേഷം അയല്‍വാസികള്‍ക്ക് സൗജന്യമായി നല്‍കും. നിലവില്‍ തന്റെ കൃഷിയിടത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ജൈവ കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. യുവാക്കള്‍ കൂടുതലായി ഈ മേഖലയിലേക്ക് കടന്നു വരണമെന്നാണ് വിജീഷ് പറയുന്നു. നിലവില്‍ അക്ബര്‍ ട്രാവല്‍സിലെ ജീവനക്കരനാണ് വിജീഷ്.

Related posts