
സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് ഓറഞ്ച്. വൈറ്റമിൻ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. ധാരാളം ആന്റി ഓക്സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതിൽ ധാരാളമുണ്ട്.. ചർമം വെളുപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓറഞ്ച് തൊലിയും ഓറഞ്ച് നീരുമെല്ലാം. ഓറഞ്ച് തൊലി കൊണ്ട് പല ചർമ പ്രശ്നങ്ങൾക്കും ഉപയോഗപ്രദമായ പല പരീക്ഷണങ്ങളും നടത്താം. പല തരത്തിലെ ഫേസ്പായ്ക്കുകൾ ഉണ്ടാക്കാം. ഓറഞ്ച് തൊലിയും അല്പം മഞ്ഞളും ചേർത്ത് മികച്ച ഒരു ഫെയ്സ് പാക്ക് ഉണ്ടാക്കിയെടുക്കാം. ഈ ഫെയ്സ് പാക് തയ്യാറാക്കുന്നതിന് ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് ആവശ്യമാണ്. ഇതിലേക്ക് രണ്ട് നുള്ള് മഞ്ഞൾ പൊടി ചേർക്കുക. ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടർ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ ലേപനം മുഖത്ത് പൂർണമായി തേയ്ക്കുക. പതിനഞ്ച് മിനുട്ടുകൾക്ക് ശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

അതുപോലെ തന്നെ 2 ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടി എടുത്ത് അതിൽ കുറച്ച് നാരങ്ങാ നീരിന്റെ തുള്ളികൾ ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം മുൾട്ടാണി മിട്ടിയും ചന്ദന പൊടിയും ചേർത്ത് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകി കളയുക. മറ്റൊരു രീതിയിൽ ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിയും 2 ടേബിൾ സ്പൂൺ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേർത്ത് നന്നായി ഇളക്കുക. ഈ ഫെയ്സ് പാക്ക് മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചർമ്മം ലഭിക്കാൻ ഈ ഫെയ്സ് പായ്ക് സഹായിക്കും. ചർമത്തിന് തെളിച്ചം ലഭിയ്ക്കാനും ചർമത്തിന് ഇറുക്കം ലഭിയ്ക്കാനും ഇതേറെ നല്ലതാണ്.