നാനോ എന്നന്നേക്കുമായി പടിയിറങ്ങുന്നോ

വാഹന നിര്‍മ്മാതാക്കളായ ടാറ്റ തങ്ങളുടെ അഭിമാന ഉല്‍പ്പന്നം എന്ന നിലയില്‍ വിപണിയിലിറക്കിയ നാനോ കാറിന്റെ ഉല്‍പ്പാദനം നിര്‍ത്തിയതായി സൂചന. ഈ വര്‍ഷം ജനുവരിക്ക് ശേഷം ഒരൊറ്റ നാനോ കാര്‍ പോലും നിര്‍മ്മിച്ചിട്ടില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിക്ക് ശേഷം ഒരൊറ്റ നാനോ കാര്‍ പോലും വില്‍ക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഔദ്യോഗികമായി നാനോ കാറിന്റെ ഉല്‍പ്പാദനം നിര്‍ത്തിയിട്ടില്ലെന്ന് കമ്പനി പറയുന്നുണ്ട്. രേഖകള്‍ പ്രകാരം 2018 ഡിസംബറിലാണ് അവസാനമായി നാനോ കാര്‍ നിര്‍മ്മിച്ചത്. സാനന്ദിലെ പ്ലാന്റില്‍ നിന്ന് 82 യൂണിറ്റുകളാണ് അന്ന് വിപണിയിലിറക്കിയത്. പിന്നീടിങ്ങോട്ട് ഒരൊറ്റ വാഹനം പോലും നിര്‍മ്മിച്ചില്ല. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ഒരു നാനോ കാര്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. അതും ജനുവരിയിലാണ്. ഫെബ്രുവരിക്ക് ശേഷം ഒരെണ്ണം പോലും വിറ്റിട്ടില്ല. ആവശ്യത്തിനനുസരിച്ചാണ് നാനോ കാര്‍ വില്‍ക്കുന്നതെന്നാണ് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്. 2008 ജനുവരിയില്‍ ടാറ്റ കമ്പനി അവതരിപ്പിച്ച ബജറ്റ് കാറായിരുന്നു ഇത്. ഒരു ലക്ഷം രൂപയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള കാര്‍ എന്നതായിരുന്നു അന്നത്തെ പ്രഖ്യാപനം.

share this post on...

Related posts