വണ്‍പ്ലസില്‍ വിവരച്ചോര്‍ച്ച

വണ്‍പ്ലസില്‍ വീണ്ടും വിവരച്ചോര്‍ച്ച. വണ്‍പ്ലസ് വെബ്‌സൈറ്റ് ഉപയോക്താക്കളുടെ ഓര്‍ഡര്‍ വിവരങ്ങള്‍ ഒരു ‘അനധികൃത കക്ഷിക്ക്’ ലഭിച്ചുവെന്ന് വണ്‍പ്ലസ് പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യം ബാധിക്കപ്പെട്ട ഉപയോക്താക്കളെ കമ്പനി അറിയിക്കുന്നുണ്ട്. ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഷിപ്പിങ് മേല്‍വിലാസം എന്നിവയാണ് ചോര്‍ന്നത്. എന്നാല്‍ ചോര്‍ത്തിയവര്‍ക്ക് ഉപയോക്താക്കളുടെ പേമെന്റ് വിവരങ്ങളും പാസ് വേഡുകളും, അക്കൗണ്ട് വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. എത്രപേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വണ്‍പ്ലസ് വെളിപ്പെടുത്തിയില്ല. കഴിഞ്ഞയാഴ്ചയാണ് ചോര്‍ച്ച കണ്ടെത്തിയത്. ഉടന്‍തന്നെ വെബ്‌സൈറ്റില്‍ പരിശോധന നടത്തുകയും വിവരച്ചോര്‍ച്ചയ്ക്കിടയാക്കിയ പഴുതുകളെല്ലാം കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.
ഇത് രണ്ടാം തവണയാണ് വണ്‍പ്ലസില്‍ വിവരച്ചോര്‍ച്ചയുണ്ടാവുന്നത്. 2018 ജനുവരിയില്‍ ഉപയോക്താക്കളുടെ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ അടക്കം ചോര്‍ന്നിരുന്നു. അന്ന് 40,000 ഉപയോക്താക്കളെയാണ് വിവരചോര്‍ച്ച ബാധിച്ചത്.

 

share this post on...

Related posts