കാര്യവട്ടം ഏകദിനം : ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവും പരമ്പരയും

Rohit-Sharma_710x400xt

Rohit-Sharma_710x400xt
കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45 പന്തില്‍ നിന്നായിരുന്നു രോഹിത് അമ്പത് തികച്ചത്. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. വിന്‍ഡീസ് പ്രഹരത്തോടെയാണ് ഇന്ത്യയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഓഷേന്‍ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്റെ കുറ്റി തെറിച്ചു. ആറ് റണ്‍സാണ് ധവാന് എടുക്കാനായത്. എന്നാല്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും ചേര്‍ന്ന് അനായാസം ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചു. 10-ാം ഓവറില്‍ ഇന്ത്യ അമ്പതും 15-ാം ഓവറില്‍ 100 റണ്‍സും പിന്നിട്ടു. ഇതേ ഓവറില്‍ വിജയവും ഇന്ത്യ അടിച്ചെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. ഇന്ത്യക്കായി ജഡേജ നാലും ബൂംമ്രയും ഖലീലും രണ്ട് വിക്കറ്റ് വീതവും ഭുവിയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്ത്തി.

share this post on...

Related posts