മൂന്നാര്‍ – ആലുവ പാതയ്ക്ക് സംഭവിച്ചത്

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അവരുടെ ഇഷ്ടസ്ഥലമായിരുന്നു മൂന്നാര്‍. വാണിജ്യ-വ്യവസായ കേന്ദ്രങ്ങളെല്ലാം അന്ന് മൂന്നാറില്‍ സജീവമായിരുന്നു. മൂന്നാറില്‍ നിന്നുള്ള പ്രധാനപാതകളില്‍ ഒന്നായിലുന്നു മൂന്നാര്‍ -ആലുവ പാത. കൊച്ചിയിലേക്ക് റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തുവാന്‍ അവര്‍ ഈ വഴികള്‍ ഉപയോഗിച്ചിരുന്നു. കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഡന്‍ചാല്‍ പെരുമ്പന്‍കുത്ത് മാങ്കുളം കരിന്തിരിമല അന്‍പതാംമൈല്‍ ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.
മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. ‘പഴയ ആലുവ മൂന്നാര്‍ റോഡ്’ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്റെ കൈവഴിയായ കരിന്തിരി ആറിന്റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം നാമാവശേഷമാക്കി. ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം നേര്യമംഗലം അടിമാലി പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ് നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. റെയില്‍ സംവിധാനം പിന്നീട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.

share this post on...

Related posts