നാളെ പൊതു അവധിയില്ല; ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ കലണ്ടറിൽ ജൂലൈ 20 ചൊവ്വാഴ്ചയാണ് പൊതുഅവധിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും എന്ന് സർക്കാരിന്റെ ഉത്തരവിറങ്ങി. വ്യാപാരികളുടെ ആവശ്യപ്രകാരം ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് കടകൾ തുറക്കാമെന്ന ഇളവ് പ്രഖ്യാപിച്ചിരുന്നു.

ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രമാണ് കടകൾ തുറക്കാൻ അനുമതി.

അതേസമയം ബക്രീദിനായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ നടപടിയിൽ സുപ്രീം കോടതി കേരളത്തോട് വിശദീകരണം തേടി. കേരളം ഇന്ന് തന്നെ വിശദമായ മറുപടി നൽകണമെന്നാണ് കോടതി നിർദേശം.
ചില മേഖലകളിൽ മാത്രമാണ് ഇളവ് നൽകിയതെന്നും വ്യാപകമായി ഇളവ് നൽകിയിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചെങ്കിലും വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.

വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഡൽഹി മലയാളി പി.കെ.ഡി. നമ്പ്യാര്യാണ് ഇളവിനെതിരെ അപേക്ഷ നൽകിയത്. ഉത്തർപ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ ആയിരുന്നു അപേക്ഷ. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ വീണ്ടും പരിഗണിക്കും.

Related posts