പ്ലാസ്റ്റിക്കിനു ‘നോ എന്‍ട്രി’യുമായി ഡോക്ടര്‍മാര്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ രണ്ടുദിവസത്തെ സമ്മേളനം

th (13)
കോഴിക്കോട്: പരിസ്ഥിതി സൗഹൃദ സന്ദേശവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ സമ്മേളനം. കോളേജ് അങ്കണത്തിലെ നിള ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രതാപ് സോമനാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സാധാരണയായ് ഇത്തരം മീറ്റിങ്ങുകള്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവശേഷിപ്പിക്കും, പക്ഷെ അവിടെയാണ് ഈ സമ്മേളനം വ്യത്യസ്തത. ബാഗും ഫയലും പേനയും അടക്കം പ്രക്യതിദത്തമായ ഉത്പ്പന്നങ്ങള്‍ മാത്രമാണ് സമ്മേളനഹാളില്‍ ഉപയോഗിക്കുള്ളൂ. ഡോക്ടര്‍മാരുടെ ഈ ഉദ്യമം മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്.

ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നാളെയും മറ്റന്നാളുമായാണ് സമ്മേളനം നടക്കുന്നത്. അഞ്ഞൂറോളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ദന്മാര്‍ പല വിഷയങ്ങളിലായി സംസാരിക്കും. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി മൂലമുണ്ടായ സങ്കീര്‍ണ്ണതകളും, മരണ കാരണങ്ങളുടെ അവലോകനവും മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. തുളസീധരന്‍ അവതരിപ്പിക്കും. ഇത് തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങളും ഇതില്‍ പരാമര്‍ശിക്കും.

ഈയിടെയായി വര്‍ധിച്ചു വരുന്ന ആന്റിബയോട്ടിക്ക് റെസിസ്റ്റന്‍സ് ആയിരിക്കും മറ്റൊരു മുഖ്യ ചര്‍ച്ചാ വിഷയം. ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത പുതിയ തരത്തിലുള്ള അണുബാധകളെക്കുറിച്ച് ഡോ. എ ബി നസീര്‍ ക്ലാസ് എടുക്കും. സമൂഹത്തില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന വിവിധ അണുബാധകളും അതിനുപയോഗിക്കേണ്ട ആന്റിബയോട്ടിക്കുകളും എന്ന വിഷയത്തില്‍ സാംക്രമികരോഗവിഭാഗം മേധാവി ഡോ. ഷിലാ മാത്യു ക്ലാസ് എടുക്കും. ആന്റിബയോട്ടിക് ദുരുപയോഗം തടയാന്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.

പക്ഷാഘാതങ്ങള്‍ക്ക് പുതുതായി നിലവില്‍ വന്നിരിക്കുന്ന ചികിത്സാ രീതികള്‍ ഈ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. ഇവ കൂടാതെ പ്രമേഹരോഗം, ഗര്‍ഭിണികളിലെ രക്തസമ്മര്‍ദ്ദം, മരുന്നുകളും വൃക്കരോഗങ്ങളും, സന്ധിവാതം, വിട്ടുമാറാത്ത നടുവേദന തുടങ്ങിയവയും ചര്‍ച്ചയ്ക്ക് വിധേയമാക്കും. കൂടാതെ മെഡിക്കല്‍ രംഗത്തെ ഏറ്റവും നൂതനമായ കണ്ടുപിടിത്തങ്ങള്‍ പ്രത്യേകമായി അവതരിക്കപ്പെടും. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള യുവ ഡോക്ടര്‍മാര്‍ നടത്തിയ ഗവേഷണത്തിന് ഡോ. സിറാജ് സ്മാരക അവാര്‍ഡ് നല്‍കും. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരസരവും നടക്കുന്നതാണ്.

share this post on...

Related posts